Timely news thodupuzha

logo

വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് നൽകി

ഇടുക്കി: പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു.

പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്റിൽ മാർച്ച് 12ന് രാത്രി മുഴുവൻ പാതിരാ സമരാ​ഗ്നിയെന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാ​ഗ്രഹ സമരം രാഷ്ട്രീയ നാടകമാണെന്ന് ആക്ഷേപിച്ച് ജോയ്സ് ജോർജ്ജ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇതൊടൊപ്പം, പൗരത്വ ഭേദ​ഗതി നിയമം അവതരിപ്പിച്ചപ്പോൾ പാർലമെന്റിൽ ബില്ലിനെ‍ എതിർത്തില്ലെന്നും മണ്ഡലത്തിലെ ജനങ്ങളുടെ വികാരവും വിചാരവും നിലപാടുകളും വേണ്ടവിധം അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും മണ്ഡലത്തിലെ വികസനത്തിനും പുരോ​ഗതിക്കും വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും ഡീൻ കുര്യാക്കോസിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആരോപണം ഉയർത്തി.

എന്നാൽ, ഇത് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടികാട്ടിയ ഡീൻ കുര്യാക്കോസ് താൻ പാർലമെന്റിൽ പൗരത്വ നിയമ ഭേദ​ഗതി ബില്ലിനെ എതിർത്തു കൊണ്ടു വോട്ട് ചെയ്തതാണെന്നും അന്ന് മാധ്യമങ്ങളിലൂടെ ആ വീഡിയോ ജനങ്ങൾ കണ്ടതാണെന്നും വ്യക്തമാക്കി. തന്നെ സമൂഹത്തിൽ അപമാനിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് തെരെഞ്ഞെടുപ്പിൽ അവിശുദ്ധ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനായി മനപൂർവ്വം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത് ആണെന്നും പറഞ്ഞു. തുടർന്ന് മാനഹാനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

എന്നിട്ടും പോസ്റ്റ് പിൻവലിക്കുവാൻ ജോയിസ് ജോർജ് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഡീൻ കുര്യാക്കോസ് ക്രിമിനൽ കോടതിയെ സമീപിച്ചത്.

തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ അഡ്വ. റെജി ജി നായർ മുഖാന്തിരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സിവിൽ കോടതി അവധി കഴിഞ്ഞ് തുറക്കുമ്പോൾ ജോയിസ് ജോർജ്ജിനെതിരെ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസും ഫയൽ ചെയ്യുമെന്ന് ‍ഡീൻ കുര്യാക്കോസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *