Timely news thodupuzha

logo

ഹോം സ്റ്റേ നേരിടുന്ന ബുദ്ധിമുട്ടുകൾ രണ്ടാഴ്ചക്കകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: പീരുമേട് ലാൻഡ്രം പുതുവലിൽ 2006 മുതൽ സർക്കാർ അനുമതിയോടെ വിമുക്തഭടൻ നടത്തിവരുന്ന ഹോം സ്റ്റേ സംരംഭം നേരിടുന്ന ബുദ്ധിമുട്ടുകളിൽ രണ്ടാഴ്ചക്കകം കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട് ഡി.വൈ. എസ്.പിക്കും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും നിർദ്ദേശം നൽകി.

ഏലപ്പാറ ലാൻഡ്രം പുതുവലിൽ സഞ്ജയ് സിംഗ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ് . മാക്കൽ പുരയിടത്തിൽ സുമേഷ് എന്നയാൾ തന്റെ ഹോം സ്റ്റേയിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായും സ്ഥലത്ത് അനധികൃത മദ്യവിൽപ്പന നടത്തി അരാജകത്വം സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.

എതിർ കക്ഷിയുടെ ഭാഗത്ത് നിന്ന് ഭീഷണിയോ മദ്യവിൽപ്പനയോ ഉണ്ടായാൽ നടപടിയെടുക്കാൻ പീരുമേട് എസ് എച്ച് ഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പീരുമേട് ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. എന്നാൽ എതിർകക്ഷികളിൽ ഒരാളായ മുത്തു വസ്തുവിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നും അനധികൃത മദ്യ കച്ചവടം തുടർന്നു വരികയാണെന്നും പരാതിക്കാരൻ അറിയിച്ചു.

രാജ്യസേവനത്തിന് തന്റെ ജീവിതം ഉഴിഞ്ഞു വച്ച് സ്വമനസാലെ കേരളത്തിലെത്തി ജില്ലയുടെ ടൂറിസം സാധ്യതകൾക്ക് കരുത്തുപകരുന്ന പരാതിക്കാരന് പ്രദേശവാസികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന എതിർപ്പുകൾ അതിശയം ജനിപ്പിക്കുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *