Timely news thodupuzha

logo

വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് വില്ലേജ് ഓഫീസർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യണം: കെ.ആർ.ഡി.എസ്.എ

പൈനാവ്: റവന്യൂ വകുപ്പിലെ ജോലി ഭാരം ലഘൂകരിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, വില്ലേജ് ഓഫീസർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യണമെന്ന് കെ.ആർ.ഡി.എസ്.എ ഇടുക്കി ജില്ലാ കൺവെൻഷൻ. കൂടാതെ 50% വി.എഫ്.എ തസ്തികകൾ പദവി ഉയർത്തി വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം രൂപീകരിക്കുക, വില്ലേജ് അസിസ്റ്റൻ്റ് തസ്തികയിൽ നിയമിക്കുക, ജോലിഭാരം കുറക്കുന്നതിനും ജോലിയുടെ പ്രാധാന്യവും പ്രത്യേകതയും ഉത്തരവാദിത്വവും പരിഗണിച്ച് പദവി ഉയർത്തുന്നതിനും നടപടികൾ സ്വീകരിക്കുക, ഓഫിസ് അറ്റൻഡർമാരുടെ പ്രമോഷൻ ക്വാട്ട അടിയന്തരമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുമ്പോട്ട് വച്ചു.

പൈനാവ് എ.ഐ.റ്റി.യു.സി ഹാളിൽ ചേർന്ന കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ലാ കൺവെഷൻ സംസ്ഥാന സെക്രട്ടറി എ ഗ്രേഷ്യസ് ഉദ്ഘാനം ചെയ്തു.

സംഘടനയുടെ ജീവനക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് മുമ്പ് ഒരിക്കലും ഇത്രയധികം കാലതാമസം വരുത്തിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന ഗവൺമെന്റിൻ്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണ നടപടികളിൽ സാമ്പത്തിക പ്രതിസന്ധികളുടെ പേര് പറഞ്ഞ് അർഹമായ ആനുകൂല്യങ്ങൾ നിരന്തരം നിഷേധിക്കപ്പെട്ട ജീവനക്കാർക്കും കുടുംബ അംഗങ്ങൾക്കും ഉണ്ടായിരിക്കുന്ന അസംതൃപതിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്.

ഇത്തരം നടപടികളെ ശക്തമായി എതിർക്കുന്നതിന് വേണ്ടി പ്രക്ഷോഭങ്ങൾ നടത്തും. ഇതിന്റെ ഭാ​ഗമായി, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക നൽകുക, ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുക, മെഡിസെപ്പ് ക്യാഷ് ലെസ് ചികിൽസ ഉറപ്പാക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തി ജൂലൈയ് ഒന്നിന് തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ മാർച്ചും ധർണ്ണയും സംഘനടിപ്പിക്കുമെന്നും എ ​ഗ്രേഷ്യസ് കൂട്ടിച്ചേർത്തു.

കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് ആൻസ് ജോൺ അധ്യക്ഷത വഹിച്ചു. കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി ബിനിൽ സംഘടനയുടെ വനിത കമ്മിറ്റി സെക്രട്ടറി ബി സുധർമുകുമാരി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബി ശ്രീകുമാർ, ആർ ബിജുമോൻ, ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡി.കെ സജിമോൻ സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എ രതീഷ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *