Timely news thodupuzha

logo

പിണറായിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാളി ഷാജിയെ തള്ളിപ്പറയുന്നതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി.

തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സി.പി.എം വ്യാപകമായി പ്രചരിപ്പിരുന്നു. എ.കെ.ജി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സി.പി.എം ഇപ്പോള്‍ വിലയിരുത്തുന്നത്.

മടിയിലും ഒക്കത്തുംവച്ച് പാലൂട്ടി വളര്‍ത്തിയശേഷമാണ് ഇപ്പോള്‍ ഇറങ്ങിവാടായെന്ന് ആക്രോശിക്കുന്നത്. സി.പി.എമ്മിന്‍റെ കൊലപാതക – ക്വട്ടേഷന്‍ സംഘം പോലെയാണ് സൈബര്‍ലോകത്ത് പോരാളി ഷാജിയും കൂട്ടരും.

റ്റി.പി ചന്ദ്രശേഖറിനെ അരിഞ്ഞ് വീഴ്ത്തിയത് പോലെ താന്‍ ഉള്‍പ്പെടെ എത്രയോ യു.ഡി.എഫ് നേതാക്കളെയാണ് ഇവര്‍ ആക്രമിച്ചിട്ടുള്ളത്. ഇതിനെതിരേ കെ.പി.സി.സി ഔദ്യോഗികമായി തന്നെ നിരവധി തവണ പരാതി നൽകിയിട്ടും ചെറുവിരല്‍ അനക്കിയിട്ടില്ല.

പിണറായി വിജയനും സി.പി.എം നേതാക്കളും അവരെ സംരക്ഷിക്കുകയും അവരുടെ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ അവരുടെ പോരാളി ശ്രീജിത് പണിക്കര്‍ക്കെതിരേയും രംഗത്ത് വന്നിരിക്കുകയാണ്.

പ്രസിഡന്‍റിനെ വിമര്‍ശിച്ചതാണ് അവിടെയും പ്രശ്‌നം. സി.പി.എമ്മും ബി.ജെ.പിയും വിമര്‍ശനങ്ങളെ ഭയക്കുന്ന ഫാസിസ്റ്റ് സംഘടനകളാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *