കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മഴക്കാറ് കണ്ടാൽ കോതമംഗലം – അടിമാലി റൂട്ടിൽ സഞ്ച രിക്കുന്നവരുടെ നെഞ്ചിനുള്ളിൽ തീയാണ്.
രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഏതു നിമിഷവും റോഡരുകിൽ നിൽക്കുന്ന മരങ്ങൾ കടപുഴകി അല്ലെങ്കിൽ ഒടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് മരണം വരെ സംഭവിക്കാം.
ദേശീയപാതയിൽ തിങ്കളാഴ്ച ആറിടത്താണ് മരം വീണ് അപകടവും ഗതാഗത തടസവും ഉണ്ടായത്. നേര്യമംഗലം വില്ലാഞ്ചിറയിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ റോഡരുകിൽ നിന്ന മരം അതുവഴി വന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വീണത് വെട്ടിമാറ്റി ക്കൊണ്ടിരിക്കെയാണ് രാജകുമാരിയിൽ നിന്നും കോതമംഗലത്തേക്ക് കാറിൽ സഞ്ചരിക്കുക ആയിരുന്ന ഗർഭിണി ഉൾപ്പെടെയുള്ള നാല് അംഗ കുടുംബത്തിന് ദുരന്തം സംഭവിച്ചത്.
ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2015 ജൂൺ 26ന് നാല് മണിക്ക് നെല്ലിമറ്റത്ത് സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ച് പിഞ്ചു കുട്ടികൾ മരിച്ചിട്ട് ഒമ്പത് വർഷം തികയുന്നതിന് ഒരു ദിവസം മുമ്പാണ് മറ്റൊരു ദുരന്തം സമീപത്ത് തന്നെ സംഭവിച്ചത്.
കറുകടം വിദ്യാവികാസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്കാണ് മരം വീണ് ദാരുണമായ ദുരന്തം സംഭവിച്ചത്. ബസിൽ സഞ്ചരിച്ചിരുന്ന മറ്റു കുട്ടികളും മരിച്ച കുട്ടി കളുടെ കുടുംബാംഗങ്ങളും നിരവധി പ്രാവശ്യം കൗൺസിലിംഗിനു വിധേയമായി മനകരുത്തു നേടി തുടങ്ങിയിട്ടേയുള്ളൂ.
മഴക്കാലമെത്തുബോൾ ദേശീയപാതക്കരികിൽ നിൽക്കുന്ന സർക്കാരിൻ്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലത്തെ തണൽ മര ങ്ങൾ അടക്കം മുറിച്ചു മാറ്റണമെന്ന് മുറവിളിയുയരും. നാട്ടുകാരും ജനപ്രതിനിധികളുമടക്കം പരാതിയറിയിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതാണ് അപകടങ്ങൾ പെരുകുന്നത്.
ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ നിരവധി ഇടങ്ങളിൽ തിങ്കളാഴ്ച്ചത്തെ കാറ്റിലും, മഴയിലും മരം വീണിട്ടുണ്ട്. ചീയപ്പാറ കുത്തിന് സമീപം മരം വീണ് രണ്ട് കടകൾ ഭാഗികമായി തകർന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മരങ്ങൾ വെട്ടി മാറ്റി. രണ്ടു മണിക്കൂറിനു ശേഷമാണ് ഗതാഗതം ഇവിടെ പുനസ്ഥാപിക്കാനായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടര വരെയാണ് നേര്യമംഗലം മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായത്. ഈ കാറ്റിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.
നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ദൂരത്തിൽ വനമേഖലയിൽ വരുന്ന ആറ് ഇടങ്ങളിൽ മരം വീണു. ചാക്കോച്ചി വളവ്, ആറാം മൈൽ, അഞ്ചാം മൈൽ, മൂന്ന് കലുങ്ക്, വാളറ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്.
ചീയപാറ വെള്ളച്ചാട്ടത്തിന് സമീപം പ്രവർത്തിച്ചിരുന്ന രണ്ട് താൽക്കാലിക കടകൾക്ക് മുകളിലേക്ക് മരം വീണു. കടകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. ഹൈവേ ജാഗ്രത സമിതിയും പോലീസും ഫയർഫോഴ്സും ചേർന്നാണ് ദേശീയപാതയിൽ വീണ മരങ്ങൾ വെട്ടി മാറ്റിയത്. മരങ്ങൾ വീണ് അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോൾ ജാഗ്രത കാട്ടുന്ന അധികൃതർ പിന്നീട് മൗനം പാലിക്കുന്നതാണ് പ്രശ്നം.