Timely news thodupuzha

logo

നീറ്റ് പരീക്ഷാ ക്രമക്കേട്; പരീക്ഷ റദ്ദാക്കില്ല, അന്വേഷണത്തിന് ഉന്നതതല സമിതി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള “നീറ്റ് യുജി’ പരീക്ഷ സംബന്ധിച്ച ആക്ഷേപങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷ റദ്ദാക്കില്ല. എന്നാൽ, വിദ്യാർഥികളുടെ താത്പര്യം പൂർണമായി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് വിവാദത്തിനു പിന്നാലെ നടത്തിപ്പിലെ വീഴ്ചയുടെ പേരിൽ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് നിർവഹിക്കുന്ന നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയെ(എൻ.ടി.എ) സംശയ നിഴലിലാക്കിയ പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം.

വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം എൻ.ടി.എ ഡയറക്റ്റർ ജനറൽ സുബോധ് കുമാർ സിങ്ങിനെ വിളിപ്പിച്ചിരുന്നു. സുപ്രധാനമായ പരീക്ഷകൾ നടത്താൻ എൻ.ടി.എയ്ക്ക് ശേഷിയില്ലെന്നും പരീക്ഷാ സംവിധാനങ്ങൾ ഉടച്ച് വാർക്കണമെന്നുമാണ് വിദ്യാർത്ഥികളും അധ്യാപകരും ആവശ്യപ്പെടുന്നത്.

പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളിൽ സർക്കാരിനെതിരേ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ബിഹാറിൽ വിദ്യാർഥികളടക്കം നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.

പരീക്ഷാത്തലേന്ന് തനിക്ക് ചോദ്യ പേപ്പർ ലഭിച്ചെന്നും രാജസ്ഥാനിലെ കോട്ടയിൽ നിന്ന് തന്നെ ബിഹാറിലേക്ക് വിളിച്ച് വരുത്തി അമ്മാവനാണ് ഇതു നൽകിയതെന്നും അറസ്റ്റിലായ വിദ്യാർത്ഥി മൊഴി നൽകിയിരുന്നു.

ബിഹാർ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ വിഷയത്തിൽ നടത്തുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചത്.

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് പിടിച്ചടക്കിയതിന്‍റെ ഫലമാണ് ചോദ്യ ചോർച്ചയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

യുക്രെയ്‌ൻ – റഷ്യ, ഇസ്രയേൽ- ഗാസ യുദ്ധങ്ങൾ തടയുന്ന പ്രധാന മന്ത്രിക്ക് ചോദ്യം ചോരുന്നതു തടയാനായില്ലെന്നും രാഹുൽ പരിഹസിച്ചു. അതിനിടെ, രാജ്യത്താകെ നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്‍റെ പേരിൽ വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്.

നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ വീടിന് മുന്നിൽ സമരം ചെയ്ത 25ഓളം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്‍റെയും എൻ.ടി.എയുടെയും വിശദീകരണം തേടി.

രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നീറ്റ് സംബന്ധിച്ച് തീർപ്പു കൽപ്പിക്കാത്ത ഹർജികളിലെ തുടർനടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്‌തു.

ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത ചില ഹർജികൾ ഹൈക്കോടതികളിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻ.ടി.എ സമർപ്പിച്ച നാല് വ്യത്യസ്‌ത ഹർജികളിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് പ്രതികരണം തേടി കക്ഷികൾക്ക് നോട്ടീസ് അയച്ചത്.

Leave a Comment

Your email address will not be published. Required fields are marked *