Timely news thodupuzha

logo

അരിക്കൊമ്പൻ ദൗത്യം; ഹൈക്കോടതി തീരുമാനം നിരാശാജനകമെന്ന് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി തീരുമാനം വളരെ നിരാശാജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് ജനങ്ങളുടെ ഭീതിയുടെ കാര്യത്തിൽ കുറവ് വരുന്നില്ല. അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടിക്കുക എന്നല്ലാതെ ഇക്കാര്യത്തിൽ യാതൊരു പരിഹാരമാർഗ്ഗവുമില്ല.

കാട്ടാനകൾക്ക് സൈര്യവിഹാരം നടത്തുന്നതിന് വർഷങ്ങളായി താമസിച്ചുവരുന്ന മനുഷ്യരെ അവിടെ നിന്നും കുടിയിറക്കുകയെന്ന് പറയുന്നതിലെ യുക്തി ഒരു തരത്തിലും മനസിലാകുന്നില്ല. സർക്കാരും മറ്റ് ജനപ്രതിനിധികളും മീഡിയകളും ഈ വിഷയത്തിൽ ഒരേ തരത്തിൽ പറഞ്ഞിട്ടും അതുകൊണ്ടാണ് കോടതിക്ക് ജനപക്ഷ താല്പര്യം ബോധ്യപ്പെടാത്തതെന്ന് മനസിലാകുന്നില്ല. സർക്കാർ ഈ മിഷനിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ട് പോകരുത്. ഇക്കാര്യത്തിൽ എം.പി. എന്ന നിലയിൽ ഏല്ലാ വിധ പിന്തുണയും അറിയിക്കുന്നു.

ഈ കേസിൽ പരാതിക്കാരായ ആളുകളെ, ഇപ്പോഴും അരിക്കൊമ്പനെ പിടിക്കരുതെന്ന് പറയുന്ന ആളുകളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവരെ 2 മാസം ആനശല്യം രൂക്ഷമായ മേഖലയിൽ വന്ന് താമസിക്കാൻ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ ജീവനും കഷ്ടപ്പാടും ദുരിതവും അറിയാത്ത അഭിനവ മൃഗസ്നേഹികൾ ഈ നാടിനുതന്നെ അപമാനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Leave a Comment

Your email address will not be published. Required fields are marked *