ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്റാൻ 600 കിലോമീറ്റർ അകലെ ജുൽഫൈ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നത്.
കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനവും ഏറെ വെകിയിരുന്നു.
ഇന്നലെ രാത്രിയാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. 14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്.
കാലാവസ്ഥ മോശമായതിനാൽ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായതെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഇന്നലെ തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്.
പ്രസിഡന്‍റ് ഉള്‍പ്പടെ ഒമ്പത് പേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ജുൽഫയിലെ വനമേഖലയിലെ മലനിരയില്‍ ഇടിച്ചിറക്കി എന്നാണ് നിഗമനം.
പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുകയാണ്. മൂന്ന് ഹെലികോപ്ടറുകളിലായാണ് റെയ്സിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.