ആലക്കോട്: അവധിയും, ആഘോഷങ്ങളോടുമൊപ്പം കുട്ടികളിൽ സമ്പാദശീലം വളർത്തുന്ന “കുഞ്ഞി കൈയ്യിൽ സമ്പാദ്യപ്പെട്ടി പദ്ധതിക്ക് ” തുടക്കം കുറിച്ചിരിക്കുകയാണ് ആലക്കോട് ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ.
പദ്ധതിയുടെ ഭാഗമായി ആലക്കോട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സ്കൂളിലെ 200 കുട്ടികൾക്കും സമ്പാദ്യ കുടുക്ക സൗജന്യമായി നൽകി. അവധിക്കാലത്ത് കുട്ടികൾക്ക് ബന്ധുക്കൾ നൽകുന്ന തുകയും, ആഘോഷങ്ങൾക്ക് ലഭിക്കുന്ന തുകയുമെല്ലാം കുടുക്കയിൽ നിക്ഷേപിക്കുന്നു.
ആലക്കോട് സഹകരണ ബാങ്ക് എല്ലാ കുട്ടികൾക്കും സീറോ ബാലൻസ് അക്കൗണ്ടും, പാസ് ബുക്കും നൽകും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം കുട്ടികളുടെ പഠന ആവശ്യത്തിന് ഉള്ള തുക കുട്ടികൾക്കു തന്നെ കണ്ടെത്താനും ഈ പദ്ധതിയിലൂടെ സാധിക്കും.
സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് തോമസ് മാത്യു കക്കുഴി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, ബോർഡ് മെമ്പർ ലീഗിൽ ജോ, അധ്യാപകരായ അരുൺ ജോർജ് ,ടോണി ടോമി എന്നിവർ പ്രസംഗിച്ചു.