ന്യൂഡൽഹി: ലോക്സഭാ ലോഗിൻ ഐ.ഡി പാസ് വേഡ് വ്യാപാരിയായ ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന ആരോപണം ശരിയാണെന്ന് സമ്മതിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര.
എന്നാൽ ചോദ്യങ്ങൾക്കായി പണം വാങ്ങിയെന്ന ആരോപണം തെറ്റാണ്. ചോദ്യങ്ങൾ തയാറാക്കുന്നതിനായി ഹിരാനന്ദാനി ഗ്രൂപ്പിന് ഐഡി പാസ് വേഡ് കൈമാറിയെന്നത് സത്യമാണ്. എന്നാൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒടിപി നമ്പർ നൽകിയതിനു ശേഷം മാത്രമാണ്. തൻറെ ഫോൺ നമ്പറിലേക്കാണ് ഒടിപി നമ്പർ എത്തിയിരുന്നത്.
അതു കൊണ്ടു തന്നെ മറ്റാരും ചോദ്യം അപ് ലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാണെന്നും മഹുവ പറയുന്നു. ഹിരനന്ദാനി ഗ്രൂപ്പ് സിഇഒയായ ദർശൻ ഹിരാനന്ദാനി വ്യക്തിപരമായ സൗഹൃദത്തിൻറെ പേരിൽ തനിക്ക് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.
ഒരു സ്കാർഫും കുറച്ചു ലിപ്സ്റ്റിക്കും ഐ ഷാഡോ അടക്കമുള്ള സൗന്ദര്യ വസ്തുക്കളും മാത്രമാണവ. മുംബൈയിലായിരിക്കുമ്പോൾ അദ്ദേഹത്തിൻറെ കാർ താൻ ഉപയോഗിക്കാറുണ്ട്.
അതല്ലാതെ പണം വാങ്ങിയിട്ടില്ലെന്നും മഹുവ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ മഹുവ വ്യക്തമാക്കി. താൻ ചോദ്യത്തിന് കോഴ വാങ്ങിയെന്ന് ആരോപിക്കുന്നവർ പണം എവിടെപ്പോയെന്ന് പറയണമെന്നും മഹുവ.