ഇടുക്കി: അയൽവാസികൾ തമ്മിലുള്ള വഴക്ക് പതിവാണെന്ന് പറഞ്ഞ് പരാതി നിസാരവൽക്കരിക്കാതെ വ്യക്തമായി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പീരുമേട് എസ്.എച്.ഒയ്ക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. അയൽവാസിയിൽ നിന്നും നിരന്തരമായി നേരിടുന്ന ഭീഷണിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
പീരുമേട് ഡി.വൈ.എസ്.പിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ അയൽവാസിയായ ശബരിമല എന്നയാൾ പരാതിക്കാരിയുടെ പറമ്പിലൂടെയാണ് വഴി നടക്കുന്നതെന്നും അനുമതിയില്ലാതെ ഇലക്ട്രിക് ലൈൻ വലിച്ചെന്നുമാണ് പരാതി.
ലൈനിന് താഴെയുള്ള മരങ്ങളുടെ ശിഖരങ്ങൾ വൈദ്യൂതി ബോർഡ് വെട്ടികളഞ്ഞെന്നും പരാതിയിൽ പറയുന്നു. ഇരു കക്ഷികളും തമ്മിൽ വഴക്ക് പതിവാണെന്നും എതിർകക്ഷിയെ കർശനമായി താക്കീത് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ താൻ അയൽവാസിയെ ഭയന്ന് മറ്റ് വീടുകളിലാണ് താമസിക്കുന്നതെന്ന് പരാതിക്കാരി കരടിക്കുഴി സ്വദേശിനി മാമിക്കുട്ടി കമ്മീഷനെ അറിയിച്ചു. അനുമതിയില്ലാതെ ഇലക്ട്രിക് ലൈൻ വലിച്ച വിഷയത്തിൽ ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസിൽ പരാതി നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.