ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയടക്‌ടറേറ്റിന്റെ നിലപാട് തേടി ഡൽഹി കോടതി.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യത്തിലുള്ള കെജ്‌രിവാൾ സ്ഥിരം ജാമ്യത്തിനായാണ് കോടതിയെ സമീപിച്ചത്. കേസ് ജൂൺ ഒന്നിന് പരിഗണിക്കും.
അനുകൂല വിധി ഉണ്ടായില്ലെങ്കിൽ രണ്ടിന് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും. ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല.
സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ല എന്നായിരുന്നു അപേക്ഷ നിരസിച്ചു കൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കെജ്‌രിവാൾ വിചാരണ കോടതിയിൽ എത്തിയത്.