Timely news thodupuzha

logo

വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ പുറത്താക്കി ഇന്ത്യ

മുംബൈ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ഇന്ത്യൻ പര്യടനത്തിലെ ഏക ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 77.4 ഓവറിൽ 219 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പന്തൊന്നും നേരിടും മുൻപേ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് റണ്ണൗട്ടായി. വൺഡൗൺ ബാറ്റർ എല്ലിസ് പെറിയെ (4) പൂജ വസ്ത്രകാർ ക്ലീൻ ബൗൾ ചെയ്യുകയും ചെയ്തു. എന്നാൽ, അവിടെ ഒരുമിച്ച ഓപ്പണർ ബെഥ് മൂനിയും (40) തഹ്‌ലിയ മക്ഗ്രാത്തും (50) ചേർന്ന് തകർച്ച ഒഴിവാക്കി.

എന്നാൽ, അതിനു ശേഷം എത്തിയവരിൽ ക്യാപ്റ്റൻ അലിസ (38), പത്താം നമ്പർ ബാറ്റർ കിം ഗ്രാത്ത്(28 നോട്ടൗട്ട്) എന്നിവർക്കു മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. ന്യൂബോളെടുത്ത പേസ് ബൗളിങ് ഓൾറൗണ്ടർ പൂജ വസ്ത്രകാർ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി.

ഓഫ് സ്പിന്നർമാരായ സ്നേഹ് റാണ മൂന്നും ദീപ്തി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെ കൂറ്റൻ ജയം നേടിയ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ എസ് ശുഭ പരുക്കിൽനിന്നു മുക്തയാകാത്തതിനാൽ പകരം റിച്ച ഘോഷിന് അവസരം നൽകി. റിച്ചയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇത് അരങ്ങേറ്റ മത്സരമാണ്. യസ്തിക ഭാട്ടിയ വിക്കറ്റ് കീപ്പ് ചെയ്യുമ്പോൾ റിച്ച സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് കളിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *