Timely news thodupuzha

logo

മഥുര ഷാഹി ഈദ് ഗാഹിലെ പരിശോധന തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: മഥുര ഷാഹി ഈദ് ഗാഹിലെ അഭിഭാഷക കമ്മിഷന്റെ പരിശോധന തടഞ്ഞ് സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നല്‍കിയ അപ്പീലിലാണ് നടപടി.

പ്രത്യേക അനുമതി ഹര്‍ജിയില്‍ സുപ്രിംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു. മഥുര മസ്ജിദ് പ്രദേശം കൃഷ്ണ ജന്മഭൂമിയാണെന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തണം എന്നുമായിരുന്നു ക്ഷേത്രാനുകൂലികളുടെ വാദം.

ഇതംഗീകരിച്ച് മസ്ജിദില്‍ അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിനാണ് സ്റ്റേ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

ഏത് തരത്തിലുള്ള കമ്മിഷനാണ് വേണ്ടതെന്ന് ഹര്‍ജിക്കാര്‍ വ്യക്തത വരുത്തിയില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ക്ഷേത്രപ്രതിഷ്ഠയെന്ന് കരുതുന്ന ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിലായിരുന്നു അലഹബാദ് ഹൈക്കോടതിയിലെ ഹര്‍ജി.

ആരാധനാലയ നിയമം അനുസരിച്ച് ഹൈക്കോടതിക്ക് ഉത്തരവ് നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു മസ്ജിദ് ഭരണസമിതിയുടെ പ്രധാന വാദം. അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അനുമതി തേടിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും മസ്ജിദ് ഭരണസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തസ്‌നീം അഹ്‌മദി കോടതിയെ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *