Timely news thodupuzha

logo

യു.പി.എയുടെ ഭരണ കാലയളവിനെക്കാൾ കൂടുതൽ തുക കേരളത്തിന്‌ നൽകിയെന്ന് ധനമന്ത്രി

ന്യൂഡൽഹി: യു.പി.എയുടെ 10 വർഷത്തെ ഭരണ കാലയളവിനെക്കാൾ കൂടുതൽ തുക കേന്ദ്രവിഹിതമായി 10 വർഷത്തെ മോദി ഭരണ കാലയളവിൽ കേരളത്തിന്‌ നൽകിയിട്ടുണ്ടെന്ന്‌ രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു.

2004 മുതൽ 2014 വരെയുള്ള യു.പി.എ കാലത്ത്‌ നികുതി വിഹിതമായി കേരളത്തിന്‌ ലഭിച്ചത്‌ 46,303 കോടി രൂപയാണ്‌. 2014 മുതൽ 2024 വരെയുള്ള മോദി ഭരണകാലത്ത്‌ ഒന്നര ലക്ഷം കോടി രൂപ ലഭിച്ചെന്നും ബജറ്റ്‌ ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി പറഞ്ഞു.

സഭയിലുണ്ടായിരുന്ന എളമരം കരീമും ജോൺ ബ്രിട്ടാസും മന്ത്രിയുടെ അവകാശവാദങ്ങളെ ഖണ്ഡിച്ചു. കേന്ദ്രത്തിന്റെ നികുതി വിഹിതം 3.87 ശതമാനത്തിൽനിന്നും 1.9 ശതമാനമായി വെട്ടികുറച്ചതിനെക്കുറിച്ച്‌ മന്ത്രി വിശദീകരിക്കണമെന്ന്‌ എം.പിമാർ ആവശ്യപ്പെട്ടു.

ബി.ജെ.പി ഭരണ സംസ്ഥാനങ്ങൾക്ക്‌ നൽകിയ വിഹിതം എത്രയെന്ന്‌ കൂടി വിശദമാക്കാനും ആവശ്യപ്പെട്ടു. 60 കോടി തൊഴിലാളികളെക്കുറിച്ച്‌ മിണ്ടാട്ടമില്ല.

രാജ്യത്തെ 60 കോടി വരുന്ന തൊഴിലാളികളെ കുറിച്ച്‌ ബജറ്റിൽ യാതൊരു പരാമർശവുമില്ലെന്ന്‌ എളമരം കരീം ചർച്ചയിൽ പറഞ്ഞു. കാർഷിക മേഖലയ്ക്കുള്ള വിഹിതം 4.68 ലക്ഷം കോടിയിൽ നിന്നും 3.63 ലക്ഷം കോടിയായി കുറച്ചു.

സബ്‌സിഡികൾ 5.7 ലക്ഷം കോടിയിൽ നിന്നും 4.09 ലക്ഷം കോടിയായി ചുരുക്കി. ഭക്ഷ്യസബ്‌സിഡി 2.72 ലക്ഷം കോടിയിൽ നിന്നും 2.05 ലക്ഷം കോടിയാക്കി.

ഇന്ത്യ വലിയ തോതിൽ വളർന്നുവെന്ന അവകാശവാദം കൊണ്ട്‌ സമ്പദ്‌ വ്യവസ്ഥയിലെ പ്രതിസന്ധികൾ മറച്ചു വയ്ക്കാനാണ്‌ ബജറ്റിൽ ശ്രമം.

വിലക്കയറ്റവും തൊഴിലില്ലായ്‌മയും രാജ്യത്ത്‌ രൂക്ഷമാണ്‌. അയോധ്യ പ്രാണ പ്രതിഷ്‌ഠയോടെ തെരഞ്ഞെടുപ്പ്‌ ജയിക്കാമെന്നാണ്‌ ബി.ജെ.പി കരുതുന്നത്‌, അത്‌ നടക്കില്ലെന്നും എളമരം കരീം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *