Timely news thodupuzha

logo

മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി കോതമംഗലം പൊലീസ് നടത്തിയ നീക്കം ഫലം കണ്ടില്ല

കോതമംഗലം: കാഞ്ഞിരവേലിയിൽ കാട്ടാന അക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ എം.എൽ.എ മാത്യു കുഴൽനാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി കോതമംഗലം പൊലീസ് നടത്തിയ നീക്കം ഫലം കണ്ടില്ല.

കോതമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടു പിന്നാലെയാണ് പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിൽ മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തുനിഞ്ഞത്.

ജാമ്യം ലഭിച്ച് പുറത്തേക്കിറങ്ങിയ മുഹമ്മദ് ഷിയാസ് ഇതോടെ കോടതി വളപ്പിലേക്ക് തിരികെ കയറി. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും മുഹമ്മദ് ഷിയാസിനെ പിടികൂടാനെത്തിയ പൊലീസിന്റെ ശ്രമം തടഞ്ഞ് രംഗത്തെത്തിയത് സംഘർത്തിന് കാരണമായി.

മാത്യു കുഴൽ നാടനും മുവാറ്റുപുഴ ഡി.വൈ.എസ്.പിയും തമ്മിൽ ഇതു സംബന്ധിച്ച് രൂക്ഷമായ വാക്കേറ്റവും കോടതി വളപ്പിൽ നടന്നു. തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിലേക്ക് വിളിപ്പിച്ചു.

ഇതിനിടെ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ നൽകിയിരുന്ന അപേക്ഷയിൽ ഈ മാസം 16 വരെ മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ് വന്നതോടെ കോടതിയിൽ തടിച്ചു കൂടിയ നേതാക്കളും പ്രവർത്തകരും എംഎൽഎ മാത്യു കുഴൽനാടനെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും ആനയിച്ച് കോടതി വളപ്പിൽ നിന്നും പുറത്തേക്കു പോയി.

മൂന്നു മാസത്തേക്ക് ഇവർ ഇരുവരും കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദ്ദേശം ജാമ്യ വ്യവസ്ഥയിലുള്ളതായി മാത്യു കുഴൽ നാടൻ എം എൽ എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഉത്തരവു പാലിക്കുമെന്നും ഈ വ്യവസ്ഥ മാറ്റിക്കിട്ടാൻ ഉടനെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *