Timely news thodupuzha

logo

മൂവി റിവ്യൂ; അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ട്‌ സമർപ്പിച്ചു

കൊച്ചി: സിനിമ റിലീസ്‌ ചെയ്‌ത്‌ 48 മണിക്കൂർവരെ നിരൂപണത്തിനുൾപ്പെടെ നിയന്ത്രണം വേണമെന്നതടക്കമുള്ള നിർദേശവുമായി അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ട്‌ സമർപ്പിച്ചു.

സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സിനിമ നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വാർത്താവിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.

റിവ്യൂ ബോംബിങ്ങിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ഐടി നിയമം, പകർപ്പവകാശ നിയമം എന്നിവ അനുസരിച്ച്‌ പൊലീസിന്‌ നടപടിയെടുക്കാമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

നെഗറ്റീവ്‌ റിവ്യൂകൾ സിനിമകളെ നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ‘ആരോമലിന്റെ ആദ്യപ്രണയം’ സിനിമയുടെ സംവിധായകൻ അടക്കമുള്ളവർ നൽകിയ ഹർജികളിലാണ്‌ ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി റിപ്പോർട്ട്‌ നൽകിയത്‌.

സിനിമയുടെ പിന്നണി പ്രവർത്തകരെയും അഭിനേതാക്കളെയും അപമാനിക്കുന്നവിധമാണ്‌ പലപ്പോഴും നിരൂപണം നടത്തുന്നത്‌. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ്‌ റിവ്യൂകൾ നൽകുന്നുണ്ട്‌. ഇവ പിടിച്ചുപറി, കവർച്ച എന്നിവയുടെ പരിധിയിൽ വരാത്തതിനാൽ നിയമപരമായ നടപടി സ്വീകരിക്കാനാകില്ല.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട പരാതി നൽകാൻ സൈബർ സെല്ലിന്റെ കീഴിൽ പ്രത്യേക പോർട്ടൽ സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ ജനങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു.

നെഗറ്റീവ്‌ റീവ്യൂകൾ വന്ന പല സിനിമകളും പിന്നീട്‌ വിജയിക്കുന്നുണ്ടല്ലോയെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. റിപ്പോർട്ടിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *