Timely news thodupuzha

logo

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍

ഇടുക്കി: സര്‍ക്കാരിന്റെയും എല്‍ഡിഎഫ് നേതാക്കളുടെയും ഭാഗത്ത് നിന്ന് ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന നടപടികളാണ് ഉണ്ടാകുന്നതെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം ജോസഫ് വാഴയ്ക്കന്‍. ഡീന്‍ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്രയുടെ സമാപന സമ്മേളനം പാറത്തോടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ യാഥാര്‍ത്ഥ്യമാണെന്ന മുന്‍ എല്‍ഡിഎഫ് എം.പി ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസ്താവന ജനങ്ങളോടുള്ള വഞ്ചനയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ബഫര്‍സോണ്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങള്‍ എല്ലാം പൂജ്യം ബഫര്‍ സോണ്‍ എന്ന ആശയമാണ് അംഗീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി സമിതി രൂപീകരിച്ച്, കൃഷി, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അതില്‍ ഉള്‍പ്പെടുത്തി ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ കേള്‍ക്കാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരാഴ്ച്ച കൊണ്ട് ഈ വിഷയം പരിഹരിക്കാം. കര്‍ഷക ജനതയോട് ഏറെ തതാത്മ്യം പ്രാപിച്ച സര്‍ക്കാരായിരുന്നു ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ മുന്‍ യുഡിഎഫ് സര്‍ക്കാര്‍. ഇ.എസ്.എ വിഷയത്തില്‍ സുപ്രീം കോടതിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തിയത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും ജോസഫ് വാഴയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സി.പി.എമ്മിന്റെ വിശദീകരണ കുറിപ്പ് പച്ചക്കള്ളമെന്നാണ് ഡീന്‍ കുര്യാക്കോസ് എം.പി പരിഹസിച്ചത്. എക്കാലവും കര്‍ഷകര്‍ക്കൊപ്പം നിന്നിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരുകള്‍ മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രായോഗിക സമീപനം ഇല്ലാത്ത പ്രവര്‍ത്തികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സമാപനയോഗത്തില്‍ സംസാരിച്ച കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഭൂനിയമം കാലാനുസൃതമായി പരിഷ്‌കരണം. എല്ലാ കുടുംബങ്ങള്‍ക്കും പട്ടയം ലഭ്യമാക്കണം. സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലാത്ത നിലപാടുകള്‍ തിരുത്തുന്നത് വരെ ഈ സമരം തുടരുമെന്നും ഇതിനായി ഇടുക്കിയിലെ ജനങ്ങള്‍ ഒന്നടങ്കം അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ലിനിഷ് അഗസ്റ്റിനാണ് യോഗത്തില്‍് അധ്യക്ഷത വഹിച്ചത്. ഡിസിസി പ്രസിഡന്റ് സി.പി മാത്യൂ, തോമസ് രാജന്‍, എം.എന്‍ ഗോപി, എ.പി ഉസ്മാന്‍, ജോയി വെട്ടിക്കുഴി, സേനാപതി വേണു, എം.ഡി അര്‍ജ്ജുനന്‍, ബിജോ മാണി, നോബിള്‍ ജോസഫ്, ജെയ്‌സണ്‍ കെ ആന്റണി, കെ.വി സെല്‍വം, വിജയകുമാര്‍ മറ്റക്കര, ഒ..ആര്‍ ശശി, മനോജ് മുരളി, ഫിലിപ്പ് മലയാറ്റ്., സി.കെ പ്രസാദ്, ഷൈനി സജി, സജി പേടിക്കാട്ടുകുന്നേല്‍, വിനോദ് ജോസഫ് എന്നിവര്‍ സംസാരിക്കുകയും ചെയ്തു.

.

Leave a Comment

Your email address will not be published. Required fields are marked *