തൊടുപുഴ: സംസാരവൈകല്യമുള്ള യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വനം വകുപ്പ് നിയമ പ്രകാരമുള്ള കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ ആരോപണ വിധേയകരായ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പരാതി ലഭിച്ച ശേഷം ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനികാണ് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ കുറിച്ച് പീരുമേട് ഡി.വൈ.എസ്.പി. കമ്മീഷനില്‍ അറിയിക്കണം. രണ്ട് റിപ്പോര്‍ട്ടുകളും ഫെബ്രുവരി 21 നകം സമര്‍പ്പിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 27ന് കേസ് പരിഗണിക്കും. കിഴുകാനം ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ലെനിന്‍, ഷിജിരാജ്, ഡ്രൈവര്‍ ജിമ്മി ജോസഫ്, വനം വാച്ചര്‍മാരായ കെ.എല്‍. മോഹനന്‍, കെ.റ്റി. ജയകുമാര്‍, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.രാഹുല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്്.
ഇടുക്കി കണ്ണം പടി സ്വദേശി സരുണ്‍ സജിയുടെ പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട മഹസര്‍ തയ്യാറാക്കുന്നതിലും ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത്് നടപടിക്രമം അനുസരിച്ചായിരുന്നില്ല. അതേസമയം, ഉപ്പുതറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. 35 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും സരുണ്‍ സജി ആവശ്യപ്പെട്ടിട്ടുണ്ട്.