Timely news thodupuzha

logo

കലയന്താനി സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിളവെടുപ്പ് ആഘോഷമാക്കി കുട്ടി കർഷകർ

കലയന്താനി: സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്സിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി കുട്ടി കർഷകർ. ” മണ്ണും ജലവും എനിക്കും വരും തലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്റെ കർത്തവ്യമാണ്” എന്ന് തുടങ്ങുന്ന പ്രതിജ്ഞയോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാത്യു കെ ജോൺ ഉദ്ഘാടനം ചെയ്തു. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ ആലപിച്ചായിരുന്നു കുട്ടികൾ കൊയ്ത്തുത്സവം നടത്തിയത്. ചേമ്പ്,ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, തക്കാളി, വെണ്ട,പയർ, കോളിഫ്ലവർ, കാബേജ്, വഴുതന, ചീര, പച്ചമുളക് തുടങ്ങിയവയുടെയും വിളവെടുത്തു.

കുട്ടികളിൽ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്തിയെടുക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനിൽ എം ജോർജ് വ്യക്തമാക്കി. നഷ്ടമായ നാടൻ വിത്തിനങ്ങൾ തിരികെ പിടിക്കുക,സ്കൂൾ പരിസരങ്ങൾ കാർബൺ ന്യൂട്ടറൽ ആക്കുക തുടങ്ങിയവയും ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ഗൈഡ് ക്യാപ്റ്റൻ ഡോ. സിൽവി തെരേസ് ജോസഫ്‌ അഭിപ്രായപ്പെട്ടു. കപ്പ വിറ്റ് കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറാനാണ് കുട്ടികളുടെ തീരുമാനം. സ്കൗട്ട് മാസ്റ്റർ ജോബിൻ ജോർജ്, എൻ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മേരി എസ്, അനധ്യാപകരായ എബിൻ എം മാത്യു, രാജേഷ് ടി ജെ, സണ്ണി എം എസ്, തുടങ്ങിയവരാണ് കൃഷിയിൽ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത്. ആലക്കോട് കൃഷി ഓഫീസർ ആര്യാംബ റ്റി.ജി, അഗ്രികൾച്ചറൽ അസിസ്റ്റന്റ് അൻസൽനാ ദിലീപ്, പ്രിൻസിപ്പൽ ടോമി ഫിലിപ്പ്,ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു. ആലക്കോട് കൃഷി ഓഫീസിന്റെ സഹകരണത്തോടെയാണ് സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *