Timely news thodupuzha

logo

പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കർഷകസ്‌നേഹം കാപഠ്യമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യൻ

കോട്ടയം: പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കി വന്യജീവികൾക്ക് കർഷകഭൂമിയിലേയ്ക്ക് കുടിയിറങ്ങുവാൻ അവസരം സൃഷ്ടിച്ചവരുടെയും പരിസ്ഥിതി മൗലികവാദികളുടെയും കർഷകസ്‌നേഹം കാപഠ്യമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ വി.സി സെബാസ്റ്റ്യൻ. ഗാഡ്ഗിൽ കസ്തൂരിരംഗൻ പരിസ്ഥിതിലോല റിപ്പോർട്ടുകളെത്തുടർന്നുണ്ടായ പ്രതിസന്ധികളും ഭീകരതയും ഇന്നും പശ്ചിമഘട്ടജനത അനുഭവിക്കുകയാണ്. അധികാരത്തിലിരുന്ന് പരിസ്ഥിതിലോല മേഖലകളും ബഫർസോണും സൃഷ്ടിച്ചവരാണ് ഇന്ന് ബഫർസോണിനെതിരെ സമരം ചെയ്ത് ജനങ്ങളെ വിഢികളാക്കുന്നത്.

2011ൽ ബഫർസോൺ മാർഗ്ഗരേഖയും നിബന്ധനകളും സൃഷ്ടിച്ചത് കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാരാണ്. 1980ലെ വനനിയമം റദ്ദുചെയ്യണമെന്നും വർദ്ധിച്ചുവരുന്ന വന്യജീവികളെ വിദേശരാജ്യങ്ങളിലേതുപോലെ ഉന്മൂലനം ചെയ്യണമെന്നും വന്യജീവികളെ വനത്തിൽ സംരക്ഷിക്കണമെന്നും കർഷകസംഘടനകളുടെ നിരന്തരമായുള്ള ആവശ്യം അട്ടിമറിച്ച കപട പരിസ്ഥിതിവാദികളുടെ ഇപ്പോഴത്തെ നിലപാട് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമവിജ്ഞാപനമിറക്കുക എന്ന തന്ത്രം മാത്രമാണ്. വന്യജീവി അക്രമങ്ങളെ അപലപിക്കുന്ന പരിസ്ഥിതി മൗലികവാദികൾ വനവൽക്കരണത്തിനും ആഗോള കാർബൺ ഫണ്ടിനുമായി പശ്ചിമഘട്ടജനതയെ തീറെഴുതിക്കൊടുത്ത് ലോകപൈതൃക സമിതിക്കുമുമ്പിൽ സമർപ്പിച്ചിരിക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ട് കർഷക രക്ഷയെക്കരുതി പിൻവലിക്കാൻ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം.

വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കുന്നതും ആഗോള അംഗീകാരമുള്ളതുമായ വന്യജീവികളുടെ വർദ്ധനവ് നിയന്ത്രിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഇതിനു ശ്രമിക്കാതെ കർഷകദ്രോഹസമീപനം സ്വീകരിക്കുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സംഘടിച്ചു നേരിടാൻ കർഷകരുൾപ്പെടെ പൊതുസമൂഹത്തിനാകണമെന്നും ജീവൻ രക്ഷിക്കാൻവേണ്ടി ജനങ്ങൾ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും വി.സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *