തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി തന്നെയാണ് സിൽവർലൈനെന്ന് ഉറപ്പിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉദ്ദേശിക്കുന്നത് അടിമുടി മാറ്റമാണെന്നും ഗവർണർ പറഞ്ഞു. പ്രവർത്തനം നിലച്ചതിനർത്ഥം പദ്ധതി ഉപേക്ഷിച്ചതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ സിൽവർലൈൻ പരാമർശം. പരിസ്ഥിതിക്ക് ഇണങ്ങുന്ന അതിവേഗപാത വികസന സ്വപ്നത്തിനായി കേന്ദ്രത്തിൻറെ അനുമതി കാത്തിരിക്കുകയാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
ബിരുദ പ്രോഗ്രാമുകൾ അടക്കം പാഠ്യപദ്ധതിയാകെ കാലോചിതമായി പരിഷ്കരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കും, പൊതു വിദ്യാഭ്യാസ മേഖലയുടെ സ്വഭാവത്തിലും മാറ്റം വരികയാണ്. ഇംഗ്ലീഷ് പഠനവും അധ്യാപനവും പ്രോത്സാഹിപ്പിക്കാനും നൈപുണ്യ വിദ്യാഭ്യാസത്തിനും ഭിന്ന ശേഷി സൗഹൃദ പഠനാന്തരീക്ഷത്തിനും പ്രാധാന്യം നൽകാനും നയപ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നു. വിദേശ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസമേഖലയിൽ ആവശ്യമെങ്കിൽ വിദേശ നിക്ഷേപത്തെയും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന ഇടത് വികസന നയരേഖയുടെ ചുവടുപിടിച്ചാണ് പരാമർശങ്ങളേറെയും.