Timely news thodupuzha

logo

ടി20യിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്

കിങ്ങ്സ്റ്റൺ: ലോകകപ്പിനു മുന്നോടിയായി വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്ക, ട്വന്‍റി20 പരമ്പരയിൽ ആതിഥേയരോടു പരാജയപ്പെട്ടു.

ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ, രണ്ടും മൂന്നും മത്സരങ്ങൾ വെസ്റ്റിൻഡീസ് ആധികാരികമായ വിജയം കുറിക്കുകയായിരുന്നു.

മൂന്നാം മത്സരത്തിൽ ടോസ് നേടിയ സന്ദർശകർ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺസും നേടി. എന്നാൽ, വെസ്റ്റിൻഡീസ് വെറും 13.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ അനായാസം ലക്ഷ്യം നേടുകയായിരുന്നു.

50 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് ക്യാപ്റ്റൻ റാസി വാൻ ഡർ ഡുസനും (31 പന്തിൽ 51) വിയാൻ മുൾഡറും(28 പന്തിൽ 36) ചേർന്നാണ്.

വെസ്റ്റിൻഡീസിനായി ഒബെഡ് മക്കോയ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമർ ജോസഫും ഗുദാകേഷ് മോട്ടിയും രണ്ട് വിക്കറ്റ് വീതം നേടി.

റോവ്മാൻ പവലിന്‍റെ അഭാവത്തിൽ ടീമിനെ നയിക്കുന്ന ബ്രാൻഡൻ കിങ്ങും(28 പന്തിൽ 44) ജോൺസൺ ചാൾസും(26 പന്തിൽ 66) ചേർന്ന് വിൻഡീസിന് വെടിക്കെട്ട് തുടക്കം നൽകി.

6.4 ഓവറിൽ 92 റൺസാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. തുടർന്നെത്തിയ കൈൽ മെയേഴ്സും(23 പന്തിൽ 36) അലിക്ക് അത്തനേസും(6) പുറത്താകാതെ നിന്നു.

ജോൺസൺ ചാൾസ് പ്ലെയർ ഓഫ് ദ മാച്ച് ആയും പരമ്പരയിൽ എട്ട് വിക്കറ്റ് നേടിയ ഇടങ്കയ്യൻ സ്പിന്നർ ഗുദാകേഷ് മോട്ടി പ്ലെയർ ഓഫ് ദ സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *