കോഴിക്കോട്: കനത്ത മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെൻറർ, വനംവകുപ്പിൻറെ കക്കയം ഇക്കോ ടൂറിസം സെൻറർ, ടൂറിസം മാനേജ് മെൻറ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.
കക്കയം ഉരക്കുഴി മേഖലയിലെ ടൂറിസം സെൻറർ ഇനി ഒരു അറിയിപ്പുണ്ടാവും വരെ അടിച്ചിടുമെന്നും വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായും നിർത്തിവച്ചിരിക്കുന്നതായും ഡിവിക്ഷൻ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളും അനിശ്ചിത കാലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ കരിയാത്തുംപാറയിലേക്ക് പ്രവേശിപ്പിക്കില്ല. കനത്ത മഴയുമായി ബന്ധപ്പെട്ട അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.