Timely news thodupuzha

logo

പൂനെ അപകടവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്റ്റർമാർ അറസ്റ്റിൽ

പൂനെ: പതിനേഴുകാരൻ പോർഷെ കാർ ഇടിപ്പിച്ച് രണ്ടു പേരെ കൊന്ന കേസുമായി ബന്ധപ്പെട്ട് രണ്ടു ഡോക്റ്റർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ രക്ത സാമ്പിളുകൾ കൃത്രിമം നടത്തി തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് സസ്സൂൺ ഹോസ്പിറ്റലിലെ ഡോക്റ്റർമാർക്കു മേൽ ചുമത്തിയിരിക്കുന്നത്.

ഇതിലൊരാൾ ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം തലവനാണ്. രണ്ടാമൻ ഇതേ വിഭാഗത്തിലെ ഡോക്ടറും. രക്ത സാമ്പിൾ മാറ്റുകയും പരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാട്ടുകയും ചെയ്തതിനാണ് ഡോ. തവാരെ, ഡോ. ഹൽനോർ എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പുനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ വ്യക്തമാക്കി.

മേയ് 19ന് പുലർച്ചെയാണ് കേസിനാസ്പദമായ അപകടമുണ്ടാകുന്നത്. കല്യാണിനഗറിലുണ്ടായ അപകടത്തിൽ മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന രണ്ട് ഐ.ടി പ്രൊഫഷണലുകളാണ് കൊല്ലപ്പെട്ടത്.

കാർ ഓടിച്ചിരുന്ന കൗമാരക്കാരൻ പബ്ബിൽ പോയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും 48,000 രൂപയുടെ ബിൽ അടച്ചതിന്‍റെ തെളിവും പൊലീസ് ശേഖരിച്ചിരുന്നു.

നേരത്തെ, പ്രതിക്ക് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡ്, റോഡ് അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതാനുള്ള ‘ശിക്ഷ’ മാത്രമാണ് വിധിച്ചിരുന്നത്.

ജനരോഷം ഉയർന്നതിനെ തടർന്ന് പൊലീസ് നൽകിയ റിവ്യൂ അപേക്ഷ പരിഗണിച്ച് പിന്നീട് ജൂൺ അഞ്ച് വരെ ഒബ്സർവേഷൻ ഹോമിൽ റിമാൻഡ് ചെയ്തിരുന്നു.

പ്രതിയുടെ വീട്ടിലെ ഡ്രൈവറെ കുറ്റം ഏറ്റെടുക്കാൻ പ്രതിയുടെ മുത്തച്ഛൻ നിർബന്ധിച്ചതായി പിന്നീട് ഡ്രൈവർ പരാതി നൽകി. ഇതോടെ പ്രതിയുടെ അച്ഛനു പിന്നാലെ മുത്തച്ഛനും കേസിൽ പ്രതിയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *