തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ് കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് കോൺഗ്രസ്. കെ മുരളീധരനേറ്റ തോൽവി വളരെ അപ്രതീക്ഷിതമായ ഒന്നായിരുന്നു. ഇപ്പോഴിതാ മുരളീധരൻ തോറ്റതിന് പിന്നാലെ പ്രതികരണമറിയിച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ.
തന്റെ തീരുമാനം തെറ്റിയില്ലന്നും ബി.ജെ.പിയിൽ പോകുന്നതിനു മുമ്പ് മുരളീധരന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും പത്മജ പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗ്രസ് നേതാക്കൾ മുരളീധരനെ ചതിക്കുമെന്ന് പത്മജ മുന്നറിയിപ്പ് നൽകിയിരുന്നു. തന്നോട് നേതാക്കൾ ചെയ്തത് തന്നെ സഹോദരനോടും ആവർത്തിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന് അത് പരസ്യമായി സമ്മതിക്കേണ്ടി വരുമെന്നുമായിരുന്നു പത്മജ പറഞ്ഞത്.
ബി.ജെ.പിയിലേക്ക് എത്തിയപ്പോഴാണ് യാഥാർഥ്യത്തിൽ എന്താണ് അതിനുള്ളിൽ നടക്കുന്നതെന്ന് ബോധ്യമായത്. വെറുപ്പിന്റെ രാഷ്ട്രീയ പരത്തുന്ന കോൺഗ്രസല്ല ബി.ജെ.പിയെന്ന് പത്മജ പറഞ്ഞു.
നല്ല ബുദ്ധിയും വിവരവുമുള്ള ആളാണ് മുരളീധരന്. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല. മാന്യമായ തോൽവി അല്ല മുരളീധരന്റേത്. അതിൽ വേദന ഉണ്ടെന്നും പത്മജ വിലപിച്ചു.
തൃശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചതെന്ന് അദ്ദേഹം പറയണം. അത് ആരാണെന്ന് ഡി.സി.സി ഓഫിസിന്റെ മതിലിൽ എഴുതി വെച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്തിയവർ തന്നെയാണ് സഹോദരൻ മുരളിയേയും തോല്പിച്ചതെന്നും പത്മജ കൂട്ടിച്ചേർത്തു.
അതേസമയം, തോൽവിയുടെ പശ്ചാത്തലത്തിൽ ഇനി താൻ മത്സരിക്കാനില്ലെന്നും പൊതു രംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്നും മുരളീധരൻ പ്രഖ്യാപിച്ചു.
തനിക്ക് വേണ്ടി സംസ്ഥാന ദേശീയ നേതാക്കൾ ആരും തന്നെ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ലന്ന് മുരളീധരൻ ആരോപിച്ചു.
‘സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ നരേന്ദ്രമോദി വന്നു. സുനിൽ കുമാറിന് വേണ്ടി പിണറായി വിജയൻ വന്നു. എനിക്ക് വേണ്ടി ആകെ വന്നത് ഡി.കെ ശിവകുമാർ മാത്രമാണ്. അതും പൊരിവെയിലത്ത്. ഇനി ഒരു പദവിയിലേക്കും താൻ ഇല്ല. രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും’ മുരളീധരൻ കൂട്ടിച്ചേർത്തു.
മുരളി അമ്പിനും വില്ലിനും അടുക്കുന്നില്ലന്ന് കണ്ടതോടെ മുരളിയെ അനുനയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ്.