Timely news thodupuzha

logo

തൃശൂർ ലൂർദ് മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ലൂർദ് മാതാ പള്ളിയിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്.

അൽപ സമയം പള്ളിയിൽ ചെലവഴിച്ച ശേഷം അദ്ദേഹം മടങ്ങി. വിജയത്തിലുള്ള നന്ദി ഹൃദ‍യത്തിലാണെന്നും അത് ഉൽപ്പന്നത്തിലില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ഭക്തിപരമായ നിർവഹണത്തിന്‍റെ മുദ്രകൾ മാത്രമാണ് ഇത്. മുമ്പ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് ചോദ്യത്തിന് അതു ഓർമിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം പള്ളിയിലെത്തി കിരീടം സമർപ്പിച്ചിരുന്നു. അതി പിന്നീട് വിവാദത്തിന് കാരണമായിരുന്നു.

സ്വർണ കിരീടമെന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിൽ സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവ് 10 ലക്ഷം രൂപയുടെ സ്വർണ നേർച്ച നൽകുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി ലൂർദ് മാതാ പള്ളിയിലേക്ക് സുരേഷ് ഗോപി എത്തിയത്.

ഒപ്പം പത്മജ വേണുഗോപാലുമുണ്ടായിരുന്നു. കരുണാകരന്‍റെ വസതിയായിരുന്ന തൃശൂരിലെ മുരളീ മന്ദിരത്തില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്.

കരുണാകരന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. സന്ദര്‍ശനത്തിനു രാഷ്ട്രീയ മാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

ലീഡര്‍ കരുണാകരനെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പിതാവായാണ് ഞാന്‍ കാണുന്നത്. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നത് പോലെ.

അദ്ദേഹത്തിന്‍റെ മുന്‍ഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ എന്‍റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണ കര്‍ത്താവെന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *