Timely news thodupuzha

logo

ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: മാഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് ഹിൽപാലസ് പൊലീസിന് പരാതി നൽകിയത്.

നിർമാതാക്കളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. സിനിമയ്ക്കായി 6 കോടി രൂപ നൽകിയെന്നും ലാഭത്തിൻറെ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണം നൽകിയില്ല എന്നുമാണ് പരാതി.

വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സിനിമാ നിർമാണത്തിന് മുൻപായി നിർമാതാക്കൾ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ ബജറ്റെന്നും ഇതിൽ നിർമാണത്തിനായി 6 കോടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

70: 30 അനുപാതത്തിൽ ആയിരിക്കും ലാഭവിഹിതം. ചിത്രത്തിന്റെ നിർമാണം പൂർത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിർമാതാക്കൾ തന്നെ അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇൻവെസ്റ്റ്‌മെന്റ് തുകയായ 6 കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനൽകിയത്.

എന്നാൽ നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോൾ 3 കോടി മാത്രം തരാമെന്ന് പറഞ്ഞു. അതിന് പിന്നാലെ സിനിമയുടെ ചെലവ് വരവ് ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും തേഡ് പാർട്ടിയായതിനാൽ അത് നൽകാനാവില്ലെന്ന് നിർമാതാക്കൾ പറഞ്ഞു.

തുടർന്ന് അഞ്ജന പരാതി നൽകുകയായിരുന്നു. 2023 ഓഗസ്റ്റ് 25ന്, ഓണക്കാലത്താണ് ആർ.ഡി.എക്സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിയും ചിത്രം കളക്ഷൻ നേടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *