Timely news thodupuzha

logo

അരൂർ – തുറവൂർ ആകാശപാത നിർമാണം; പണി തുടങ്ങിയ ശേഷം ഈ ഭാഗത്തുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് 36 പേർ

കൊച്ചി: അരൂർ – തുറവൂർ ആകാശപാത നിർമാണത്തിൽ ദേശീയപാത അഥോറിറ്റി നേരിടുന്നത് അതിരൂക്ഷമായ വിമർശനങ്ങൾ. പണി തുടങ്ങിയ ശേഷം 36 പേരാണ് ഈ ഭാഗത്തുണ്ടായ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്.

അവസാനമില്ലാത്ത ഗതാഗതക്കുരുക്കാണ് ഈ മേഖലയിൽ സ്ഥിരമായി ഇപ്പോൾ അനുഭവപ്പെടുന്നത്. രണ്ടും മൂന്നും മണിക്കൂർ വൈകുന്ന അവസ്ഥയുണ്ട്. സ്കൂൾ വിദ്യാർഥികളെ പോലും ഇത് ഗുരുതരമായി ബാധിക്കുന്നു.

ഈ ഭാഗത്തെ അപകടങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ദേശീയപാതാ അഥോറിറ്റി ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ കോടതി, ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് മതിയായ ബദൽ മാർഗം ഏർപ്പെടുത്തേണ്ടിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ആലപ്പുഴ ജില്ലാ കലക്റ്റർ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് നടത്തിയ മറ്റൊരു സുപ്രധാന നിരീക്ഷണം.

സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കോടതി അമിക്കസ്ക്യൂറിയെയും നിയോഗിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മൂന്ന് ദിവസം സ്ഥലം സന്ദർശിച്ച് വിശദമായ നിരീക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. കൃത്യമായി ഇടപെടണമെന്ന് ആലപ്പുഴ ജില്ലാ കലക്റ്റർക്കും നിർദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *