Timely news thodupuzha

logo

ഈരാറ്റുപേയിൽ 2 ലക്ഷം രൂപയുടെ കള്ളനോട്ടുമായി 3 പേർ പിടിയിൽ

കോട്ടയം: രണ്ട് ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയ്ക്കാട് ഭാഗത്ത് നിന്നും(സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) സി.എ അൽഷാം(30), നടക്കൽ മുണ്ടയ്ക്കൽപറമ്പ് ഭാഗത്ത് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), നടയ്ക്കൽ ഭാഗത്ത് കിഴക്കാവിൽ വീട്ടിൽ കെ.എസ് ഫിറോസ്(25) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒന്നാം തീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിന്റെ അസിസ്റ്റൻറ് മാനേജർ ബാങ്കിന്റെ സി.ഡി.എമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഫിറോസാണ് സി.ഡി.എമ്മിൽ കള്ളനോട്ട് ഇട്ടതെന്ന് കണ്ടെത്തുകയും തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ 28,500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം 500 രൂപയുടെ 9 കള്ളനോട്ടുകൾ ചേർത്ത് സിഡിഎമ്മിൽ ഇട്ടതായും പൊലീസിനോട് പറഞ്ഞു.

തന്റെ സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അൻവർഷാ ഷാജിയാണ് കമ്മീഷൻ തരാമെന്ന് പറഞ്ഞ് 500 ന്റെ 9 കള്ളനോട്ടുകൾ തനിക്ക് തന്നതെന്ന് പറയുകയും, തുടർന്ന് അന്വേഷണ സംഘം ഉടൻതന്നെ അൻവർഷായെയും പിടികൂടുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അൽഷാം എന്നയാളാണ് തനിക്ക് കമ്മീഷൻ വ്യവസ്ഥയിൽ അഞ്ഞൂറ് രൂപയുടെ 12 കള്ളനോട്ട് തന്നതെന്നും പോലീസിനോട് പറയുകയും തുടർന്ന് അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ അൻഷാമിനെ പിടികൂടുകയും തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 2,24,000(രണ്ട് ലക്ഷത്തി ഇരുപത്തി നാലായിരം രൂപ) രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു.

പാലാ ഡി.വൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ് സുബ്രഹ്മണ്യൻ, എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ മാരായ രമ, കെ.ആർ ജിനു, സി.പി.ഒ മാരായ രമേഷ്, ജോബി ജോസഫ്, പ്രദീപ് എം ഗോപാൽ, രഞ്ജിത്ത്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാന്റ് ചെയ്തു. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇവർക്ക് കള്ളനോട്ട് നൽകിയവരെ പിടികൂടുന്നതിന് വേണ്ടി തെരച്ചിൽ ശക്തമാക്കിയതായും എസ്.പി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *