തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനെതിരെ പരാതിയുമായി വീണ്ടും എംപിമാർ. രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച് കെ.പി.സി.സി നേതൃയോഗത്തിൽ തങ്ങൾക്കെതിരെ രൂക്ഷപരാമർശം നടത്തിയെന്നാണ് എം.പിമാരുടെ പരാതി. തങ്ങളുടെ അസാന്നിധ്യത്തിൽ ഇത്തരം നടപടിയുണ്ടായത് ശരിയായില്ലെന്നും എം.പിമാർ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ജയമുറപ്പിക്കാനുള്ള ഒരുക്കം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റവുമധികമുള്ളത് നേതൃത്വത്തിനാണ്. എന്നാൽ, തോൽക്കാനുള്ള ഒരുക്കമാണ് നേതൃത്വം നടത്തുന്നതെന്ന് എംപിമാർ പരാതിപ്പെടുന്നു.
കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം പാലിക്കപ്പെടുന്നില്ലെന്നും ഇവർ നേതൃത്വത്തെ ധരിപ്പിക്കും.ചൊവ്വാഴ്‌ച നടന്ന സമ്പൂർണ നേതൃയോഗത്തിലാണ് ശശി തരൂർ, കെ.മുരളീധരൻ, എം.കെ.രാഘവനടക്കമുള്ള എം.പിമാർക്കെതിരെ രൂക്ഷമായ ആക്രമണമുണ്ടായത്. സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന എംപിമാരെന്നാണ് ഇവരെ അൻവർ സാദത്തും എം.എം.നസീറും പറഞ്ഞത്. അതേസമയം, കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി താരീഖ് അൻവറും രംഗത്തെത്തി. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നുണ്ടെങ്കിലും അച്ചടക്കത്തിന്റെ ലക്ഷ്‌മണരേഖ കടക്കാൻ പാടില്ല. എംപിമാരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും താരീഖ് അൻവർ പറഞ്ഞു.