Timely news thodupuzha

logo

ലോക്സഭയുടെ നടുത്തളത്തിലേക്കു ചാടി സ്പ്രേ പ്രയോഗം

ന്യൂഡൽഹി: ലോക്സഭയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. ലോക്സഭാ ഗ്യാലറിയിൽ നിന്നു രണ്ടു പേർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിക്കയറി കൈയിൽ കരുതിയ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതോടെ സഭയ്ക്കുള്ളിൽ പുകപടലങ്ങൾ നിറഞ്ഞു.

ശൂന്യവേളക്കിടെയാണ് സംഭവമുണ്ടായത്. സഭ നിർത്തിവച്ചിരിക്കുകയാണ്. നടുത്തളത്തിലെത്തിയ യുവാവ് ഇപ്പോൾ സുരക്ഷാ ജീവനക്കാരുടെ പിടിയിലാണ്.

കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസുമായി സന്ദർശക ഗ്യാലറിയിലെത്തിയവരാണ് നടുത്തളത്തിൽ അക്രമം കാണിച്ചതെന്നാണ് വിവരം.

നടുത്തളത്തിലേക്ക് അപ്രതീക്ഷിതമായി ചാടിക്കയറിയ ഒരാൾ എം.പിമാരുടെ ബെഞ്ചുകൾക്കു മുകളിലൂടെ ചാടിക്കയറുന്നതും മറ്റൊരാൾ ഗ്യാലറിയിൽ നിന്നു കൊണ്ട് കൈയിൽ കരുതിയ ക‍ണ്ണീർവാതകം പ്രയോഗിക്കുന്നതും മഞ്ഞ നിറമുള്ള പുക പടലം സഭയിൽ പടരുന്നതും വീഡിയോകളിൽ വ്യക്തമാണ്.

ഇരുവരെയും സുരക്ഷാ ജീവനക്കാർ പിടികൂടി. ഏകാധിപത്യം നടപ്പിലാക്കരുതെന്ന മുദ്രാവാക്യത്തോടെയാണ് യുവാക്കൾ സഭയിൽ ചാടിക്കയറിയത്.

സംഭവസമയത്ത് ബി.ജെ.പി എം.പിയായ രാജേന്ദ്ര അഗർവാളാണ് ചെയറിലുണ്ടായിരുന്നത്. 2001ലെ പാർലമെന്‍റ് ആക്രമണത്തിന്‍റെ ഇരുപത്തിരണ്ടാം വാർഷികം ആചരിക്കുന്ന അതേ ദിനത്തിലാണ് വീണ്ടുമൊരു സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

അതേ സമയം പാർലമെന്‍റിനു പുറത്ത് പ്രതിഷേധം നടത്തിയ നാലു പേരെയും പൊലീസ് പിടി കൂടിയിട്ടുണ്ട്. ഒരു യുവതി ഉൾപ്പെടെ നാലു പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തങ്ങൾക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നും, തൊഴിലില്ലായ്മയ്ക്കെതിരേ പ്രതിഷേധിക്കുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *