ഇടുക്കി: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വെങ്കിടലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഡെങ്കി പടരുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർ പറഞ്ഞു.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ – പെട്ടെന്നുള്ള ശക്തമായ പനി ,തലവേദന, പേശി വേദന , വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി ,ക്ഷീണം, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. അതിശക്തമായ നടുവേദന, കണ്ണിനു പിറകിൽ വേദന, നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്ത് ചുവന്നുതിണർത്ത പാടുകൾ എന്നിവ കാണാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കേണ്ടതാണ്.
പ്രതിരോധ മാർഗങ്ങൾ – വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിൽ മേൽക്കൂരകളിലും, പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുറ്റത്തും പുരയിടത്തും അലക്ഷ്യമായി എറിഞ്ഞു കളയുന്ന പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നത് കൊതുക് വളരുന്നതിന് കാരണമാകുന്നു.അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ ,കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. റബർ മരങ്ങളിൽ വച്ചിട്ടുള്ള ചിരട്ടകളിലും, കവുങ്ങിൻ തോട്ടങ്ങളിൽ വീണുകിടക്കുന്ന പാളകളിലും വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം.
വീടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടി നിൽക്കുന്ന പാത്രങ്ങളിലും, ഫ്രിഡ്ജിന് അടിയിലെ ട്രേ എന്നിവ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം. ജല ദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ജലം സംഭരിക്കുന്ന പാത്രങ്ങളുടെയും ടാങ്കുകളുടെയും ഉൾവശം ഉരച്ചു കഴുകി ഉണക്കിയശേഷം വെള്ളം സംഭരിച്ചു വയ്ക്കണം. ടാർപോളിൻ ,പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക പരിസര ശുചിത്വം ഉറപ്പാക്കുക. ഈഡിസ് കൊതുകിന്റെ കടി ഏൽക്കാതിരിക്കാൻ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകു വല ഉപയോഗിക്കുകയും വേണം. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണം.
വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ ,ഞായർ വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം.
“സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം “എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി പരിപാടിയിൽ അധ്യക്ഷത വഹിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്യാംലാൽ ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജാസ്മിൻ കെ . എം ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായി വി. ആർ ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ടി ആന്റണി, അനിൽ എസ് എന്നിവർ സംസാരിച്ചു.
ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ എന്നിവർ ദിനാചരണത്തിൽ പങ്കെടുത്തു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടികളും ഉറവിട നശീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.