Timely news thodupuzha

logo

ലീഗിന് മൂന്നാം സീറ്റില്ലെന്ന്‌ കോൺഗ്രസ്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്‌ മൂന്നാം സീറ്റ്‌ അനുവദിക്കാനാകില്ലെന്ന്‌ കോൺഗ്രസ്‌. തിങ്കളാഴ്‌ച നടന്ന ഉഭയകക്ഷി യോഗത്തിലാണ്‌ കോൺഗ്രസ്‌ നേതൃത്വം ഇക്കാര്യം അറിയിച്ചത്‌.

മൂന്നാം സീറ്റ്‌ വേണമെന്ന ആവശ്യം ലീഗ്‌ നേതാക്കൾ ആവർത്തിച്ചതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 14ന്‌ വീണ്ടും യോഗം ചേരാനാണ്‌ തീരുമാനം.

ലീഗ്‌ കണ്ണുവച്ച വയനാട്‌, കണ്ണൂർ, കാസർകോട്‌, വടകര സീറ്റുകൾ വിട്ടുനൽകാൻ സാധിക്കില്ലെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്നുതന്നെയാണ്‌ കെ.പി.സി.സി നേതൃത്വം പറയുന്നത്‌.

കർണാടകത്തിലേക്ക്‌ കൊണ്ടുപോകാനുള്ള നീക്കത്തെ തടയാനുള്ള ശ്രമവും കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ട്‌. രാഹുൽ മത്സരിക്കുന്നുണ്ടെങ്കിൽ വയനാട്‌ മോഹം ലീഗ്‌ വിടും.

കണ്ണൂരും കാസർകോടും വടകരയും ലീഗിന്‌ താൽപ്പര്യമുണ്ടെങ്കിലും സിറ്റിങ്‌ സീറ്റുകൾ നൽകാനാകില്ലെന്ന്‌ കെപിസിസി നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാ സിറ്റിങ്‌ എംപിമാരോടും മത്സരിക്കാൻ തയ്യാറാകാനാണ്‌ കോൺഗ്രസ്‌ എംപിമാർക്ക്‌ നൽകിയിരിക്കുന്ന നിർദേശം.

മൂന്നാം സീറ്റില്ലാതെ പിന്നോട്ടില്ലെന്ന നിലപാട്‌ ലീഗ്‌ കടുപ്പിച്ചാൽ യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാകും. സീറ്റ്‌ വിഭജന ചർച്ചയിലെ കല്ലുകടി വടക്കൻ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ ഫലത്തെപ്പോലും ബാധിക്കുമെന്ന പേടിയും നേതൃത്വത്തിനുണ്ട്‌.

അടുത്ത ദിവസം പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിനുശേഷം നിലപാട്‌ വ്യക്തമാക്കുമെന്നാണ്‌ മുസ്ലിംലീഗ്‌ നേതൃത്വം പറയുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *