Timely news thodupuzha

logo

ഗീത് മാലയുടെ അവതാരകനായിരുന്ന അമീൻ സായനി അന്തരിച്ചു

മുംബൈ: പാട്ടുകാരൻ അല്ലാഞ്ഞിട്ടും പാട്ടുകളിലൂടെ തലമുറകൾ കേട്ടറിഞ്ഞ ശബ്ദത്തിൻ്റെ ഉടമ അമീൻ സായനി ഇനി ഇല്ല. റേഡിയോ മാത്രം ഉണ്ടായിരുന്ന കാലത്ത് അമീൻ സായനി അവതരിപ്പിച്ച ചലച്ചിത്ര ഗാന പരിപാടിയായിരുന്നു ഹിന്ദി പാട്ടുകൾ കേൾക്കാനുള്ള സാധാരണ മനുഷ്യരുടെ ഏക ആശ്രയം. ഗീത് മാലയെന്ന പേരിൽ ശ്രോതാക്കൾക്കായി അവതരിപ്പിച്ച പരിപാടിയിലൂടെ പതിറ്റാണ്ടുകളോളം ചലച്ചിത്ര ഗാന പ്രേമികളുടെ ഉറ്റ ശബ്ദമായി മാറി.

നർമ്മവും പാട്ടുകളെ കുറിച്ചുള്ള നുറുങ്ങ് കഥകളുമായി പ്രിയപ്പെട്ട സിനിമകളിലെ തകർപ്പൻ ഹിറ്റുകൾ ശ്രോതാക്കൾക്ക് മുന്നിലെത്തിച്ചു. തൊണ്ണൂറ്റി ഒന്നാമത്തെ വയസിലാണ് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിൻ്റെ ജനകീയ മുഖമായ അമീൻ 1932 ഡിസംബർ 21ന് മുംബൈയിലാണ് ജനിച്ചത്. റേഡിയോ പ്രക്ഷേപണ രംഗത്ത് ഇം​ഗ്ലീഷ് ലാം​ഗ്വേജ് ബ്രോഡ്കാസ്റ്റർ ആയിട്ടാണ് തുടക്കം.

1952 ൽ റേഡിയോ സിലോണിൽ ഗീത് മാലയ്ക്ക് തുടക്കമിട്ടു. ഈ പ്രോഗ്രാം പ്രക്ഷേപണം ആരംഭിച്ചതോടെയാണ് അമീൻ സായനി റേഡിയോ ശ്രോതാക്കളുടെ ഇഷ്ട ശബ്ദമായി തിരിച്ചറിയപ്പെടുന്നത്. പിന്നീട് ഈ പരിപാടി സിബാക്ക ഗീത് മാലയെന്നും പേരുമാറ്റപ്പെട്ടു.

ഇന്ത്യയിൽ നിന്നും അമേരിക്കൻ വ്യവസായിയായ ഡാനിയൽ മൊലിന നടത്തിയിരുന്ന പ്രക്ഷേപണമാണ് റേഡിയോ സിലോൺ. സ്വീഡിഷ് ടൂത്ത് പേസ്റ്റ് കമ്പനിയായ സിബായാണ് ഗീത് മാല സ്പോൺസർ ചെയ്തിരുന്നത്.

ആകാശവാണിയിൽ ക്ലാസിക്കൽ സംഗീതത്തിന് മാത്രം പ്രാമുഖ്യം നൽകിയപ്പോൾ സാധാരണക്കാരോട് അടുത്ത ചലച്ചിത്ര ഗാനങ്ങൾക്ക് കൂടുതൽ അവസരം നൽകിയാണ് റേഡിയോ സിലോൺ നിലനിന്നത്.

ഇതിന് ശേഷം 1989ലാണ് അമീൻ സായനി ആൾ ഇന്ത്യ റേഡിയോയ്ക്ക് കീഴിലുള്ള വിവിധ് ഭാരതിയിൽ ചേരുന്നത്. 1994 ൽ ഈ റേഡിയോ നിലയം റ്റി.വി ചാനലുകളോട് പൊരുതി തോറ്റ് പിൻവാങ്ങി.

ഇന്ന് സ്പോട്ടിഫൈ പോലുള്ള മ്യൂസിക് ആപ്പുകൾക്ക് ലഭിക്കുന്നതിനെക്കാൾ ആരാധകരും കാത്തിരിപ്പും ഗീത് മാലയ്ക്കായി ഉണ്ടായിരുന്നു. റേഡിയോയിലെ ചലച്ചിത്ര ഗാനങ്ങളെന്ന പ്രത്യേക പരിപാടിയുടെ വ്യത്യസ്ത കാലഘട്ടമാണ് ഇത്.

മറ്റ് ആസ്വാദന സങ്കേതങ്ങളും സൌകര്യങ്ങളും ഒന്നുമില്ലാതിരുന്നവർ ഗീത് മാലയ്ക്കായി കാത്തിരുന്നു. ബെഹനോ ഔർ ഭായിയോമെന്ന (സഹോദരീ സഹോദരന്മാരേ) ഗീത് മാലയിലെ അമീനിന്റെ ആമുഖത്തോടെ തന്നെ മനസുകൾ സംഗീത സാന്ദ്രമായി.

ആറു പതിറ്റാണ്ട് കാലത്തെ ഔദ്യോ​ഗിക ജീവിതത്തിൽ 58,000-ഓളം റേഡിയോ പരിപാടികൾ അവതരിപ്പിച്ചു. 19,000-ഓളം പരസ്യങ്ങൾക്കും ജിം​ഗിളുകൾക്കും ശബ്ദം നൽകി.

ചില സിനിമകളിലും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ബോളിവുഡ് സിനിമയിലെ വിഖ്യാത ഗായകരും നടൻമാരുമായുള്ള അഭിമുഖങ്ങളും പ്രസിദ്ധമാണ്. സരെഗമ കമ്പനി ഗീത് മാലയുടെ പത്ത് വോള്യങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *