കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയെന്ന് വിവരം ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19പേരുടെ വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. കൂടുതൽ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
പ്രതി സാബിത്തിൽ നിന്ന് പൊലീസിന് ഇതുവരെ ലഭിച്ചത് 20 പേരെക്കുറിച്ചുള്ള വിവരങ്ങളാണ്. വ്യാജ ആധാർകാർഡും പാസ്പോർട്ടും നിർമിച്ച് ആൾമാറാട്ടം നടത്തിയാണ് അവയവം വിൽക്കാനുള്ളവരെ ഇറാനിലേക്കു കടത്തിയത്.
ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയാണ് സാബിത്ത് ഇരകളെ കണ്ടെത്തുന്നത്. പക്ഷേ അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്‍കി കബളിപ്പിച്ച് തിരികെ എത്തിക്കുന്നതാണ് രീതി.
എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ കേന്ദ്രമെന്നും കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിയിലായ തൃശൂർ സ്വദേശി സാബിത്തിന്റെ മൊഴിയിലുണ്ട്.
വിദേശത്തേക്കു പോകാനെത്തിയ സാബിത്തിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചന പിന്തുടർന്നാണു കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.