Timely news thodupuzha

logo

ഇസ്രയേൽ ആക്രമണം ഗാസാ മുനമ്പിനെ മരണ മുനമ്പാക്കി മാറ്റിയെന്ന്‌ ഡബ്ല്യൂ.എച്ച്.ഒ

റാഫ: മാസങ്ങളായി തുടരുന്ന ഇസ്രയേൽ ആക്രമണം ഗാസാ മുനമ്പിനെ മരണ മുനമ്പാക്കി മാറ്റിയെന്ന്‌ ലോകാരോഗ്യ സംഘടന. മനുഷ്യവാസയോഗ്യമല്ലാത്ത സാഹചര്യത്തിലാണ്‌ ഗാസാ നിവാസികൾ കഴിയുന്നത്‌.

ചികിത്സാ കേന്ദ്രങ്ങൾ തകർക്കപ്പെടുന്നതും രോഗങ്ങൾ പടരുന്നതും സ്ഥിതി ഗുരുതരമാക്കിയെന്നും ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌ പറഞ്ഞു.

ഖാൻ യൂനിസിലെ പ്രധാന ആരോഗ്യകേന്ദ്രമായ നാസർ ആശുപത്രിയുടെകൂടി പ്രവർത്തനം പൂർണമായും നിലച്ച സാഹചര്യത്തിലാണ്‌ പരാമർശം.

മധ്യ ഗാസയിലെ ദെയ്‌ൽ എൽ ബലായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം നടത്തുന്ന അൽ അഖ്‌സ ആശുപത്രിയിലെ യുവ ഡോക്ടർ ഖാലിദ്‌ അബു ഒവൈമറാണ്‌ കൊല്ലപ്പെട്ടത്‌.

അദ്ദേഹം ബന്ധുക്കൾക്കൊപ്പം താമസിച്ചിരുന്ന വീട്ടിലേക്ക്‌ സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു. ബുധൻ രാത്രി ഗാസയിൽ വിവിധയിടങ്ങളിലായി 48 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്ടോബർ ഏഴിന്‌ തുടങ്ങിയ കടന്നാക്രമണത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 29,410 ആയി. മൂന്നാഴ്ചയായി യുഎൻ ഭക്ഷണവിതരണം പൂർണമായും നിലച്ച വടക്കൻ ഗാസയിലെ ജനങ്ങൾ കാലിത്തീറ്റ കഴിച്ചാണ്‌ ജീവിക്കുന്നത്‌.

തെക്കൻ ഗാസയിൽ സമ്പൂർണവിജയമാണ്‌ ലക്ഷ്യമിടുന്നതെന്നും അതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *