Timely news thodupuzha

logo

ആലുവ തട്ടിക്കൊണ്ടു പോകൽ കേസിൽ ഒരാൾ കൂടി പിടിയിലായി

ആലുവ: റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന്‌ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. തിരുവനന്തപുരം സ്വദേശിയെയാണ്‌ പ്രത്യേക അന്വേഷക സംഘം പിടികൂടിയത്‌.

ഇയാൾ കൊലക്കേസ്‌ പ്രതിയാണ്‌. തിരുവനന്തപുരത്തു നിന്ന്‌ കസ്‌റ്റഡിയിലെടുത്ത ഇയാളെ ആലുവയിൽ എത്തിച്ച്‌ ചോദ്യം ചെയ്യാൻ ആരംഭിച്ചു. തട്ടിക്കൊണ്ടു പോയ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ഇതിനകം ലഭ്യമായിട്ടുണ്ട്‌.

എല്ലാവരും ഉടൻ അറസ്‌റ്റിലാകുമെന്നാണ്‌ വിവരം. ഗുണ്ടകൾ ഉൾപ്പെടുന്ന സംഘമാണ്‌ തട്ടിക്കൊണ്ടു പോയത്‌. എല്ലാവരും തിരുവനന്തപുരംകാരാണ്‌.

യുവാക്കൾക്ക്‌ ഇവരുമായി നേരത്തേ ബന്ധമുണ്ട്‌. അഞ്ചുലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ്‌ യുവാക്കളും ഇവരും തമ്മിൽ തെറ്റിയത്‌. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തിരുന്നു.

തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം സംഘത്തിന്‌ ലഭ്യമാക്കിയത്‌ ഇവരാണെന്നും ഗൂഢാലോചനയിൽ ഇവർക്ക്‌ പങ്കുണ്ടെന്നും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌.

പത്തനംതിട്ട എ.ആർ ക്യാമ്പ് എസ്.ഐ സുരേഷ് ബാബുവിൽ നിന്നാണ്‌ ഇവർ വാഹനം വാടകയ്ക്ക്‌ എടുത്തത്‌. സുരേഷ്‌ ബാബുവിനെയും ഉടൻ ചോദ്യം ചെയ്‌തേക്കും.

ഞായർ രാവിലെ ഏഴിനാണ് ആലുവ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനുമിടയിൽ മൂന്ന് യുവാക്കളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്.

ഇതര സംസ്ഥാനക്കാരാണ്‌ യുവാക്കൾ. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. പൊലീസ്‌ സ്വമേധയാ കേസെടുത്താണ്‌ അന്വേഷിക്കുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *