Timely news thodupuzha

logo

ലൈംഗികാതിക്രമ കേസുകളിലെ വൈദ്യപരിശോധന; ഗൈനക്കോളജിസ്റ്റുകൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമങ്ങൾക്ക്‌ ഇരയാകുന്നവരുടെ വൈദ്യപരിശോധന നടത്താൻ ഗൈനക്കോളജിസ്‌റ്റുകൾക്കു മാത്രം അധികാരം നൽകുന്ന പ്രോട്ടോകോൾ ഭേദഗതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി.

2019ലെ കേരള മെഡിക്കോ ലീഗൽ പ്രൊട്ടോകോളിലെ ഭേദഗതി നിയമവിരുദ്ധമാണെന്ന്‌ ആരോപിച്ച്‌ ഒരുകൂട്ടം ഗൈനക്കോളജിസ്റ്റുകളാണ്‌ ഹർജി നൽകിയത്‌.

ലൈംഗികബന്ധം നടന്നിട്ടുള്ള കേസുകളിൽ മാത്രമാണ് ഈ വ്യവസ്ഥ ബാധകമാകൂവെന്ന സർക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം പരിഗണിച്ചാണ് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഹർജി തള്ളിയത്‌.

2019ലെ ഭേദഗതി ഗൈനക്കോളജിസ്‌റ്റുകളുടെ ജോലിഭാരം വർധിപ്പിക്കുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ, ലൈംഗികബന്ധമുണ്ടായിട്ടുള്ള കേസുകളിൽ പരിശോധനയ്‌ക്ക്‌ ഗൈനക്കോളജിസ്‌റ്റുകളെ ചുമതലപ്പെടുത്തിയത്‌ ഫോറൻസിക് തെളിവുശേഖരണംമാത്രം ലക്ഷ്യമാക്കിയല്ലെന്ന് സർക്കാർ വ്യക്തമാക്കി.

ഇരകൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനാണിത്‌. ലൈംഗികബന്ധം നടക്കാത്ത ശാരീരിക പീഡനങ്ങളിൽ മറ്റു ഡോക്ടർമാർക്കും പരിശോധന നടത്താൻ തടസ്സമില്ലെന്ന്‌ സർക്കാരും പൊലീസും അറിയിച്ചു. ഇത്‌ അധികൃതരുടെ കരുതലാണ് ബോധ്യമാക്കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *