Timely news thodupuzha

logo

സ്ഥിരാംഗത്വം; പലസ്‌തീന്റെ അപേക്ഷ യു.എൻ പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷയിൽ ഇന്ത്യ

ജനീവ: സ്ഥിരാംഗത്വത്തിനുളള പലസ്‌തീന്റെ അപേക്ഷ ഐക്യരാഷ്‌ട്ര സംഘടന പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഇന്ത്യ. പലസ്തീന് പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യു.എൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയം കഴിഞ്ഞ മാസം യു.എസ് വീറ്റോ ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പലസ്തീനെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തുന്നത്. പലസ്തീന് യു.എന്നിൽ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയുടെ യു.എൻ അംബാസിഡർ രുചിര കാംബോജ് അറിയിച്ചു.

ഇസ്രയേൽ – പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഏക വഴി രണ്ട് രാഷ്ട്രമെന്ന് ആവശ്യം നടപ്പാക്കുക മാത്രമാമെന്നും പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകുന്നതിനെ ഇന്ത്യ പിന്തുണക്കുന്നുണ്ടെന്നും രുചിര കാംബോജ് പറഞ്ഞു.

1988ൽ തന്നെ പലസ്‌തീൻ രാഷ്ട്രം ഇന്ത്യ അംഗീകരിച്ചു. 1996ൽ ഗാസയിൽ ഇന്ത്യൻ ഓഫീസ്‌ തുറന്നതായും ഇത്‌ 2003ൽ റാമള്ളയിലേക്കു മാറ്റിയതായി രുചിര കാംബോജ് ചൂണ്ടിക്കാട്ടി.

എത്രയും വേ​ഗം ഇസ്രയേലും പലസ്തീനും സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇന്ത്യൻ അംബാസിഡർ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്ര സംഘടനയിൽ പൂർണാംഗത്വത്തിനുള്ള ശ്രമങ്ങൾ 2011ലാണ്‌ പലസ്‌തീൻ ആരംഭിച്ചത്‌.

194ആം അംഗരാജ്യമായി അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. 2012ൽ നിരീക്ഷക പദവി ലഭിച്ചു. ഇതോടെ പൊതുസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും പ്രമേയങ്ങളിൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ല.

യു.എൻ ജനറൽ അസംബ്ലിക്ക്‌ മുന്നോടിയായി നടന്ന സുരക്ഷസമിതിയിലാണ്‌ കഴിഞ്ഞ മാസം 18ന് പലസ്‌തീന്‌ പൂർണാംഗത്വം നൽകണമെന്ന പ്രമേയം അവതരിപ്പിച്ചത്.

15 അംഗ രക്ഷാസമിതിയിൽ ചൈന അടക്കം 12 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. സ്വിറ്റ്‌സർലൻഡും ബ്രിട്ടനും വോട്ടെടുപ്പിൽനിന്ന്‌ വിട്ടു നിന്നു.

പലസ്തീനെ രാഷ്ട്രമായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നു കാട്ടി അമേരിക്ക പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു.

യു.എൻ ജനറൽ അസംബ്ലിയിൽ എത്തിയിരുന്നെങ്കിൽ ഭൂരിപക്ഷം അംഗങ്ങളും പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നത് കൊണ്ട് പ്രമേയം പാസാവുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *