Timely news thodupuzha

logo

മോഹിനിയാട്ടകലാകാരൻ ആർ.എൽ.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കൊച്ചി: മോഹിനിയാട്ട കലാകാരനും അന്തരിച്ച സിനിമാ നടൻ കലാഭവൻ മണിയുടെ അനുജനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ.

മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടുകഴിഞ്ഞാല് കാക്കേടെ നിറം. എല്ലാംകൊണ്ടും കാല് കുറച്ച് അകറ്റിവെച്ച് കളിക്കുന്നതാണ്.

ഒരു പുരുഷൻ കാലും കവച്ചുവെച്ച് കളിക്കാന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആമ്പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവരുണ്ടേ.. അവരായിരിക്കണം. ഇവനെ കണ്ടാലുണ്ടല്ലോ. പെറ്റത്തള്ള പോലും സഹിക്കില്ല’‘ എന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ആർ.എൽ.വി കോളേജിൽ മോഹിനിയാട്ടം പഠിച്ച് എം.എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്കും കലാമണ്ഡലത്തിൽനിന്ന് പെർഫോമിങ്ങ് ആർട്സിൽ എംഫില്ലും നേടിയ കാലകാരനാണ്‌ ആർഎൽവി രാമകൃഷ്ണൻ. കൂടാതെ യുജിസിയുടെ നെറ്റും നേടിയ അദ്ദേഹം ദൂരദർശനിൽ എ ഗ്രേഡ് ആർട്ടിസ്റ്റാണ്.

15 വർഷമായി സർവ്വകലാശാലകളിൽ മോഹിനിയാട്ടം പഠിപ്പിക്കുന്ന രാമകൃഷ്ണനെയാണ് നിറത്തിന്റെയും രൂപത്തിന്റെ പേരിൽ അധിക്ഷേപിച്ചത്. മുമ്പും ഈ കലാകാരി തന്നെ അപമാനിച്ചിട്ടുണ്ടെന്നും വീണ്ടും ആക്ഷേപിക്കുകയാണെന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും എഫ് ബി പോസ്റ്റിൽ പറഞ്ഞു.

ആർ.എൽ.വി രാമകൃഷ്ണന്റെ പോസ്റ്റ്:

പ്രിയ കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.


ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.

4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു. UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *