Timely news thodupuzha

logo

ഇ.ഡി അറസ്റ്റു ചോദ്യം ചെയ്‌ത്‌ കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ അറസ്റ്റു ചെയ്‌ത ഇ.ഡി നടപടി ചോദ്യം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

കെജ്‌രിവാളിന്റെയും ഇ.ഡിയുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ്‌ സ്വർണകാന്ത ശർമയുടെ ബെഞ്ചാണ്‌ ഹർജി വിധി പറയാൻ മാറ്റിയത്‌.

മദ്യ നയത്തിൽ മുഖ്യമന്ത്രിക്ക്‌ എന്താണ്‌ പങ്കെന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ വിശദീകരണം നൽകാൻ ഇ.ഡിക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്‌ കെജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്ങ്‌വി വാദിച്ചു.

മുഖ്യമന്ത്രിയുടെ പങ്ക്‌ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ്‌ ഇ.ഡി പറയുന്നത്‌. ഈ സാഹചര്യത്തിൽ കെജ്‌രിവാളിന്റെ അറസ്റ്റ്‌ ന്യായീകരിക്കാൻ കഴിയില്ല.

കേസുമായി ബന്ധപ്പെട്ട്‌ ഇ.ഡി ആദ്യം അറസ്റ്റ്‌ ചെയ്‌ത പ്രതികൾ പിന്നീട്‌ മാപ്പുസാക്ഷികളായി. മാപ്പു സാക്ഷികളാകുന്നതിനു മുമ്പ്‌ അവർ കെജ്‌രിവാളിന്‌ എതിരായി ഒന്നും പറഞ്ഞിരുന്നില്ല.

മാപ്പു സാക്ഷികളായതിന്‌ പിന്നാലെ അവർ ഇ.ഡിക്ക്‌ ആവശ്യമായ രീതിയിൽ മൊഴി നൽകി. അതിനുപിന്നാലെ, അവർക്ക്‌ ജാമ്യവും ലഭിച്ചു.

കോടതിയിൽ ഇ.ഡി ജാമ്യത്തെ എതിർക്കാതിരുന്നതിനെ തുടർന്നാണ്‌ അവർക്ക്‌ ജാമ്യം ലഭിച്ചത്‌. മാപ്പു സാക്ഷികളിൽ രണ്ടു പേർ ഇലക്‌ടറൽ ബോണ്ട്‌ വഴി ബി.ജെ.പിക്ക്‌ വൻതുക സംഭാവന നൽകിയിട്ടുണ്ട്‌.

അവരിൽ ഒരാളുടെ അച്ഛൻ അടുത്ത കാലത്ത്‌ ബി.ജെ.പിയിൽ ചേർന്നു. കെജ്‌രിവാളിനെ കേസിൽ കുടുക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടന്നുവെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ വസ്‌തുതകളെന്ന് സിങ്ങ്‌വി വാദിച്ചു.

എന്നാൽ, എ.എ.പി ആണ്‌ മദ്യനയ അഴിമതിയുടെ പ്രധാന ഗുണഭോക്താവെന്ന്‌ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജു വാദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *