Timely news thodupuzha

logo

സത്യവാങ്ങ് മൂലത്തിൽ പറഞ്ഞിരിക്കുന്നത് സ്വന്തമായി വീടോ വാഹനമോ ഇല്ലെന്ന്, 20 കോടി രൂപയുടെ ആസ്തി

ന്യൂഡൽഹി: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെ 20 കോടി രൂപയുടെ ആസ്തി. എന്നാൽ സ്വന്തമായി വീടോ ഫ്ലാറ്റോ വാഹനമോ ഇല്ലയെന്നും കൈയിൽ 55,000 രൂപ ഉണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്ങ് മൂലത്തിൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.

9.24 കോടി രൂപയുടെ ജംഗമസ്വത്തും സ്വന്തമാണ്. ഇതിൽ 26.25 ലക്ഷം രൂപ ബാങ്ക് നിക്ഷേപമായും 4.33 കോടി രൂപയുടെ ബോണ്ടുകളും ഷെയറുകളും 3.81 കോടി രൂപയുടെ മ്യൂച്വൽ ഫണ്ടുകളും 15.21 ലക്ഷം രൂപയുടെ സ്വർണ ബോണ്ടുകളും 4.20 ലക്ഷം രൂപയുടെ ആഭരണങ്ങളും ഉൾപ്പെടുന്നുണ്ട്.

11.15 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളിൽ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി, ഗുരുഗ്രാമിലെ ഓഫിസ് സ്ഥലം, കൃഷി ഭൂമി എന്നിവയും ഉൾപ്പെടുന്നുണ്ട്. ഒരു കോടി രൂപയാണ് രാഹുലിന്‍റെ വാർഷിക വരുമാനം.

നാമനിർദേശ പത്രികയ്ക്കൊപ്പം തനിക്കെതിരേയുള്ള കേസുകളുടെ വിശദാംശങ്ങളും രാഹുൽ നൽകിയിട്ടുണ്ട്. അയോഗ്യതാ, അപകീർത്തി കേസുകൾ അടക്കം 18 ക്രിമിനൽ കേസുകളാണ് രാഹുലിനെതിരേയുള്ളത്.

ബലാത്സംഗ കേസിലെ ഇരയുടെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ താൻ പ്രതിയാണോയെന്നു വ്യക്തമായിട്ടില്ല എന്നതിനെ കുറിച്ചും രാഹുൽ പരാമർശിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *