മലപ്പുറം: കാളികാവ് സ്വദേശി ബഷീർ കഴിഞ്ഞ അഞ്ച് വർഷമായി താൻ ഓമനിച്ചു വളർത്തുന്ന രാജമാണിക്യമെന്ന പോത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഗോപി, വാർഡ് അംഗങ്ങളായ കെ ഉമ്മു ഹബീബ, പി ഷിജിമോൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. പത്ത് ലക്ഷത്തിന്ന് മുകളിൽ പലരും വില പറഞ്ഞെങ്കിലും ഇവനെ കൈവിടാൻ ബഷീർ തയ്യാറായിട്ടില്ല. മുറ ഇനത്തിൽ പെട്ട പോത്താണെന്നാണ് വെറ്റർനറി ഡോക്ടറുടെ അഭിപ്രായം.ആഴ്ചയിലൊരിക്കൽ രാജമാണിക്യനെ പരിശോധിക്കാൻ ഡോക്ടർ വീട്ടിലെത്തും.
അഞ്ച് വർഷം മുമ്പ് പാലക്കാട് ജില്ലയിലെ വാണിയംകുളം ചന്തയിൽ നിന്നു വാങ്ങിയ രണ്ടു പോത്തുകളിൽ ഒന്നാണ് രാജമാണിക്യം. സ്വന്തം മക്കളെപ്പോലെ കരുതലും ഭക്ഷണവും നൽകിയാണ് രാജ മാണിക്യത്തെ വളർത്തുന്നതെന്ന് ബഷീർ പറയുന്നു. മലപ്പുറം ജില്ലയിൽ രാജമാണിക്യനെ വെല്ലാൻ മറ്റൊരാളില്ല എന്നതാണ് ബഷീറിന്റെ പക്ഷം. സംസ്ഥാനത്തിന്റെ പല ഭാഗത്തുള നിന്നുമുള്ള യൂട്യൂബർമാരും ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനും വിശേഷങ്ങൾ പങ്ക് വെയ്ക്കാനും ചിറ്റയിലെ അമ്പലപ്പടിക്കലിൽ എത്തിയിരുന്നു.