Timely news thodupuzha

logo

ഇറാന് മുന്നറിയിപ്പ്, ഇസ്രയേലിനെ പിന്തുണയ്ക്കുമെന്ന് ജോ ബൈഡൻ

വാഷിങ്ങ്ടൺ: ഇറാന്‌ മുന്നറിയിപ്പ്‌ നൽകി യു.എസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. സിറിയയിലെ ദമാസ്‌കസിലുള്ള ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ചതിന്‌ തിരിച്ചടി ഉണ്ടാകുമെന്ന്‌ ഉറപ്പായതോടെയാണ്‌ ബൈഡന്റെ പ്രതികരണം.

ഇസ്രായേലിന്‌ അമേരിക്ക പിന്തുണ കൊടുക്കുമെന്നും, ഇറാന്‌ വിജയിക്കാൻ സാധിക്കില്ലെന്നും യു.എസ്‌ പ്രസിഡന്റ്‌ പറഞ്ഞു. അമേരിക്കയേയും ഇറാൻ ആക്രമിക്കാൻ സാധ്യതയുണ്ട്‌.

ഏതു നിമിഷവും ഉണ്ടായേക്കുമെന്ന്‌ കരുതുന്ന ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇപ്പോൾ ഇരു രാജ്യങ്ങളും.

സിറിയയിലെ ഇറാനിയൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ജനറൽ മുഹമ്മദ് റെസ സഹേദി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു.

2020ൽ ഇറാൻ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനിയെ യു.എസ്‌ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചിരുന്നു. ഇതിന്‌ ശേഷം കൊല്ലപ്പെടുന്ന ഇറാന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു റെസ സഹേദി.

ഇസ്രയേലാണ്‌ ഈ ആക്രമണത്തിന്‌ പിന്നിൽ എന്നുള്ള കാര്യം രാജ്യം ഇതുവരെ അംഗീകരിച്ചിട്ടുമില്ല. ഇസ്രയേലിനെ ഇറാൻ ആക്രമിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌.

സിറിയയിലെ ഇറാൻ കോൺസുലേറ്റ്‌ ആക്രമിച്ച ഇസ്രയേൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അത്‌ വൈകില്ലെന്നും ഇറാന്റെ പരമോന്നത നേതാവ്‌ അയത്തുള്ള അലി ഖമനേയി ചെറിയ പെരുന്നാൾ ദിനത്തിൽതന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്‌ ജോ ബൈഡന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *