Timely news thodupuzha

logo

യു.എ.ഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്

ദുബായ്: കനത്ത മഴയിൽ സ്തംഭിച്ച് യു.എ.ഇ. 24 മണിക്കൂറിനുള്ളിൽ 142 മില്ലീമീറ്റർ മഴയാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഒരു വർഷം 94.7 മില്ലീമീറ്റർ മഴയേ യു.എ.ഇയിൽ രേഖപ്പെടുത്താറുള്ളൂ.

ഒന്നര വർഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് കുറച്ചു മണിക്കൂറുകൾക്കിടയിൽ ദുബായിൽ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അസാധാരണമായ മഴയിൽ നഗരത്തിലെ മാളുകളും റോഡുകളും, മാളുകളും വിമാനത്താവളങ്ങളും വെള്ളത്തിലായി.

യു.എ.ഇയിലെ സ്കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തിരിക്കുന്നത്. ചൊവ്വാഴ്ച 145 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ഇടിവെട്ടും കാറ്റും ശക്തമാണ്. റോഡിലെ വെള്ളക്കെട്ടിൽ പെട്ട് റാസ് അൽ ഖൈമയിൽ 70കാരൻ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. 75 വർഷത്തിനിടയിൽ യു.എ.ഇയിലുണ്ടായ ഏറ്റവും വലിയ മഴയാണിത്.

റോഡുകളിൽ നിന്ന് വെള്ളം പമ്പു ചെയ്ത് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

സാധാരണയായി ഇത്തരത്തിൽ കനത്ത മഴ ദുബായിൽ ഉണ്ടാകാറില്ല. ശൈത്യകാലത്തു മാത്രമാണ് മഴ പെയ്യാറുള്ളത്. മഴ അധികമില്ലാത്തതു മൂലം റോഡുകളിൽ വേണ്ടത്ര ഡ്രൈനേജ് സിസ്റ്റവും ഇല്ല.

ഇതു മൂലമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ബഹ്റിൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും മഴയുണ്ട്. ഒമാനിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മഴ കനത്തിരുന്നു. മഴക്കെടുതിയിൽ ഇതു വരെ 18 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *