Timely news thodupuzha

logo

മികച്ച ലാഭം ലക്ഷ്യമിട്ട്‌ കെ ഫോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ലക്ഷം വീടുകളിലേക്ക്‌ വാണിജ്യ കണക്‌ഷൻ നൽകാൻ സജ്ജമായി കെ ഫോൺ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും ഒരുക്കി. നിലവിൽ 5388 വീടുകളിൽ വാണിജ്യ കണക്‌ഷൻ നൽകിയിട്ടുണ്ട്‌.

5000 വീടുകളിൽ കണക്‌ഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്‌. 30,438 സർക്കാർ ഓഫീസുകളിലും കണക്‌ഷൻ നൽകും.

നിലവിൽ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയും 21,214 ഓഫീസുകളിൽ കണക്‌ഷൻ നൽകുകയും ചെയ്‌തു. മുഴുവൻ സർക്കാർ ഓഫീസുകളിലും കണക്‌ഷൻ നൽകുന്നതിലൂടെ വർഷം 200 കോടി വരുമാനമാണ്‌ കെ ഫോൺ പ്രതീക്ഷിക്കുന്നത്‌.

ഇന്റർനെറ്റ് ലീസ്ഡ് ലൈൻ, ഡാർക്ക് ഫൈബറുകളുടെ പാട്ടക്കരാർ എന്നിവയിലൂടെയും മികച്ച വരുമാനം ലക്ഷ്യമിടുന്നു. ഇന്റർനെറ്റ്‌ ലീസ്‌ ലൈൻ വഴി വർഷം 100 കോടിയാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇതിനായി ഇരുനൂറിലധികം അപേക്ഷകൾ ലഭിച്ചതിൽ 34 കണക്ഷൻ നിലവിൽ നൽകി. കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതൽ 14 വരെ കോർ ഫൈബറുകൾ പാട്ടത്തിന് നൽകുന്നതിലൂടെയും മികച്ച വരുമാനം പ്രതീക്ഷിക്കുന്നു.

4300 കിലോമീറ്റർ ഡാർക്ക് ഫൈബറുകൾ വിവിധ കമ്പനികൾക്ക് ഇതിനകം പാട്ടത്തിന് നൽകി. സെപ്‌തംബറിനുള്ളിൽ ഇത് 10,000 കിലോമീറ്ററാക്കും.

ഇതിലൂടെ 50 കോടി വരുമാനം നേടാനാകും. മാസം 15 കോടി രൂപ വീതമാണ്‌ കെ ഫോണിന്‌ ചെലവ്‌. ബെല്ലിന്‌ നൽകേണ്ട ടെൻഡർ തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ചാർജ്, ഇലക്ട്രിസിറ്റി ചാർജ്‌, അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്‌, ഡിഒടിക്ക്‌ അടയ്‌ക്കേണ്ട തുക എന്നിവ ഉൾപ്പെടെയാണിത്‌.

കെ ഫോണിന്‌ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം മതിയാകും തിരിച്ചടവിന്‌. ഇതോടെ സംസ്ഥാനത്ത്‌ മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായി കെ ഫോൺ മാറും.

കെ ഫോണിന്റെ ആദ്യഘട്ടത്തിലെ പദ്ധതിച്ചെലവ് 1482 കോടി രൂപയായിരുന്നെങ്കിലും 791.29 കോടി രൂപ മാത്രം ചെലവഴിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *