Timely news thodupuzha

logo

കരുത്തു കാട്ടി കോൺഗ്രസ്

ന്യൂഡൽഹി: തുടർച്ചയായ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പൂർണമായും തുടച്ചുനീക്കപ്പെട്ട ഉത്തരേന്ത്യയിലേക്ക് വീണ്ടും തിരിച്ചുവരുന്നുവെന്നതാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആത്മവിശ്വാസം നൽകുന്നത്.

2019ലെ മോദി തരംഗത്തിൽ കോൺഗ്രസ് പൂർണമായി പരാജയപ്പെട്ട സംസ്ഥാനങ്ങളിൽ മധ്യപ്രദേശും ഡൽഹിയും ഒഴികെയുള്ളിടത്തെല്ലാം ഇത്തവണ പാർട്ടി സാന്നിധ്യമറിയിച്ചു. മോദിയുടെ തട്ടകമായ ഗുജറാത്തിൽ പോലും ഒരു സീറ്റ് നേടാനായി കോൺഗ്രസിന്.

കോൺഗ്രസ് മുക്ത ഭാരതമെന്നത് വെറും മുദ്രാവാക്യം മാത്രമെന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും മോദിയും അമിത് ഷായും. രാജസ്ഥാനിൽ ഇത്തവണ എട്ടു സീറ്റുകൾ നേടിയ കോൺഗ്രസ്, മാസങ്ങൾക്കു മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഛത്തിസ്ഗഡിൽ ഒരു സീറ്റ് നേടി.

മഹാരാഷ്‌ട്രയാണ് കോൺഗ്രസിന് കൂടുതൽ കരുത്തു നൽകുന്നത്. 12 മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിയാണ് സംസ്ഥാനത്ത് സീറ്റ് നേട്ടത്തിൽ മുന്നിൽ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ മുന്നിൽ നിന്നു നയിക്കാൻ കോൺഗ്രസിന് ഇത് ഊർജമാകും.

പഞ്ചാബിൽ ആം ആദ്മി പാർട്ടി മൂന്നു സീറ്റുകളിലേക്കു ചുരുങ്ങിയപ്പോൾ ഏഴു സീറ്റുകളുമായി കോൺഗ്രസ് മുന്നിലെത്തി. സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ തിരിച്ചുപിടിക്കാനായി എന്നതിന്‍റെ സൂചനയാണിത്.

യുപിയിൽ ഏഴു സീറ്റുകളുറപ്പിച്ച കോൺഗ്രസ് തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കി. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തെ നയിക്കാൻ തങ്ങൾക്കേ കഴിയൂ എന്ന വ്യക്തമായ സന്ദേശവും ഇതുവഴി പാർട്ടി നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *