Timely news thodupuzha

logo

പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല; ജനവിധി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മാധ്യമങ്ങളുടേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്‍റേയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും.

പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃശൂരിലെ ബിജെപിയുടെ വിജയം ഗൗരവമായി തന്നെ കാണുന്നു. ജനാധിപത്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്.

അതിന് മതനിരപേക്ഷ – ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചും മതനിരപേക്ഷ മൂല്യങ്ങൾക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *