Timely news thodupuzha

logo

നീറ്റ് പരീക്ഷയില്‍ കൂട്ടത്തോടെ ഗുരുതര ക്രമക്കേടുകളെന്ന് ആരോപണം

കൊച്ചി: മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് ഫലങ്ങളില്‍ വന്‍അട്ടിമറി നടന്നതായി ആരോപണം. 67 പേര്‍ക്ക് കൂട്ടത്തോടെ ഒന്നാം റാങ്ക് നല്‍കിയതും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇല്ലാത്ത ഗ്രേസ് മാര്‍ക്ക് നല്‍കിയതുമാണ് വിവാദമായിരിക്കുന്നത്.

ഗ്രേസ് മാര്‍ക്കിന്‍റെ പേരില്‍ അശാസ്ത്രീയമായി മാര്‍ക്ക് നല്‍കുകയും ചില പ്രത്യേക പരിശീലന കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഒന്നാം റാങ്ക് നല്‍കുകയും ചെയ്തതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിശീലന സ്ഥാപനമായ സൈലം.

2016 ല്‍ ആരംഭിച്ച നീറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഓരോ വര്‍ഷവും 720ല്‍ 720 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു.

എന്നാല്‍ ഇക്കുറി 67 പേര്‍ക്ക് കൂട്ടത്തോടെ ഒന്നാം റാങ്ക് ലഭിച്ചു. രാജ്യത്തെ ചില ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ മാര്‍ക്കുകള്‍ ഒന്നിച്ചു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പരീക്ഷയ്ക്ക് മുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യ പേപ്പര്‍ ഉണ്ടായിരുന്നു എന്ന ആരോപണവും പരീക്ഷ നടന്നു കൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യപേപ്പര്‍ കണ്ട വാര്‍ത്തയുമെല്ലാം ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടായിരിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

67 പേരില്‍ 47 പേരും ഗ്രേസ് മാര്‍ക്കിലൂടെയാണ് ഒന്നാം റാങ്കിലെത്തിയത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ ആദ്യ വിശദീകരണം.

വൈകി തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സമയത്തിന് പകരം കൊടുത്തതാണെന്ന് രണ്ടാമത്തെ വിശദീകരണം. 15 മിനിട്ടാണ് പലയിടത്തും പരീക്ഷ വൈകിത്തുടങ്ങിയത്.

ഒരു ചോദ്യത്തിന് ഉത്തരമെഴുതാന്‍ കുട്ടിക്ക് ഒരു മിനിട്ട് ശരാശരി സമയം കണക്കാക്കി 15 മിനിട്ടിന് കൊടുക്കുന്ന ഗ്രേസ് മാര്‍ക്ക് 60 ആണ്. ഗ്രേസ് മാര്‍ക്കോടെ 720 മാര്‍ക്ക് കിട്ടിയ ഒരാളുടെ യഥാര്‍ഥ മാര്‍ക്ക് 680 ആയിരിക്കും.

ഈ വര്‍ഷം 660 മാര്‍ക്കിന് മുകളിലെങ്കിലും എത്താന്‍ കഴിഞ്ഞവര്‍ക്കേ പ്രവേശനം കിട്ടൂ എന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. 600 മാര്‍ക്കിന് മുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം കിട്ടുന്ന സാഹചര്യമായിരുന്നു ഇതുവരെ.

എന്നാല്‍ ഗ്രേസ് മാര്‍ക്കോടെ 660 കിട്ടിയ ഒരു കുട്ടിയുടെ യഥാര്‍ത്ഥ മാര്‍ക്ക് 600 ആയിരിക്കും. ഇത്തരത്തില്‍ 600 മാര്‍ക്കുള്ളവര്‍ ഗ്രേസ് മാര്‍ക്കിന്‍റെ ആനുകൂല്യത്തില്‍ പ്രവേശനം നേടുമ്പോള്‍ ഗ്രേസ് മാര്‍ക്കില്ലാതെ 650 ഉം 640 ഉമൊക്കെ നേടിയ കുട്ടികള്‍ പുറത്താകും.

ഒരു ചോദ്യത്തിന് നാല് മാര്‍ക്കെന്ന രീതിയില്‍ നീറ്റ് പരീക്ഷയിൽ ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 720 ആണ്. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും.

ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കു കൂടി കുറച്ച് 715 മാര്‍ക്കാണ് കിട്ടുക. അതായത് 720 കിട്ടാത്ത സാഹചര്യത്തില്‍, തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരൂ. ഇക്കുറി ചരിത്രത്തില്‍ ആദ്യമായി 719 ഉം 718 ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചതായി കാണാം.

ഗ്രേസ് മാര്‍ക്ക് നല്‍കിയതാണെന്നാണ് നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ വിശദീകരണം. ഇങ്ങനെ ഒരു ഗ്രേസ് മാര്‍ക്ക് നീറ്റ് എക്‌സാമിനേഷന്‍ കൊടുത്ത ചരിത്രം രാജ്യത്തില്ലെന്ന് പരിശീലന ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം മാധ്യമ ശ്രദ്ധ കിട്ടാത്ത വിധത്തില്‍ നീറ്റ് പരീക്ഷാ ഫലം ഒളിച്ചു കടത്തുക ആയിരുന്നുവെന്നും അവര്‍ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *